കുട്ടികളുടെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന നല്‍കണം. ആറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള ധീരത പ്രകടിപ്പിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരെയും അപകടസന്ധിയില്‍ സ്വന്തം ജീവന് അപകടം സംഭവിക്കുമെന്ന് കണക്കാക്കാതെയും അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കണം.
2017 ജൂലൈ ഒന്നിനും 2018 ജൂണ്‍ 30നും ഇടയ്ക്കായിരിക്കണം പ്രവൃത്തി നടന്നത്. ഭാരത് അവാര്‍ഡ്, ഗീതാ ചോപ്രാ അവാര്‍ഡ്, സഞ്ജയ് ചോപ്രാ അവാര്‍ഡ്, ബാപ്പു ഗയധാനി അവാര്‍ഡ് (3 എണ്ണം) ജനറല്‍ അവാര്‍ഡ് എന്നീ ദേശീയ ബഹുമതികളാണ് നല്‍കുന്നത്. മെഡലും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്ബത്തിക ചെലവ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. അവാര്‍ഡിനര്‍ഹരായ കുട്ടികളെ ശിശുദിനത്തില്‍ പ്രഖ്യാപിക്കും. സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന ധീരതാ അവാര്‍ഡിനും ഇവരെ പരിഗണിക്കും.
സാമൂഹ്യക്ഷേമ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ് എന്നീ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ധീരരായ കുട്ടികളുടെ പേര് ശുപാര്‍ശ ചെയ്യാം. അപേക്ഷാ ഫോറം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ (www.iccw.co.in) സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അവാര്‍ഡിനര്‍ഹമായ പ്രവൃത്തി സംബന്ധിച്ച പത്രവാര്‍ത്തകളും അനുബന്ധരേഖകളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ., തിരുവനന്തപുരം-695 014 എന്ന വിലാസത്തില്‍ സെപ്തംബര്‍ 10ന് വൈകുന്നേരം അഞ്ചിന് മുമ്ബ് നല്‍കണം. കവറിന് മുകളില്‍ നാഷണല്‍/സ്റ്റേറ്റ് ബ്രേവറി അവാര്‍ഡ് ഫോര്‍ ചില്‍ഡ്രന്‍-2018 എന്ന് എഴുതണം. സംസ്ഥാന ശിശുക്ഷേമ സമിതി നിയോഗിക്കുന്ന സ്‌പെഷ്യല്‍ ജൂറി പരിശോധിച്ച് ഏറ്റവും അര്‍ഹമായ അപേക്ഷകള്‍ മാത്രമേ അവാര്‍ഡിന് ശുപാര്‍ശ ചെയ്യും.