തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ യുവാവ് മര്‍ദ്ദിച്ചു. പ്രചാരണ വാഹനത്തില്‍ കയറി യുവാവ് ചെരിപ്പുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. മോട്ടി നഗര്‍ പ്രദേശത്ത് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ഇത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടി മര്‍ദ്ദിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
പ്രതിപക്ഷം സ്പോണ്സര് ചെയ്ത ആക്രമണമാണ് നടന്നതെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കെജ്രിവാളിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീണ്ടും വീഴ്ച പറ്റിയിരിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. ആക്രമണത്തെ അപലപിക്കുന്നു. ഇത്തരം നീക്കങ്ങളിലൂടെ പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാകില്ലെന്നും എ.എ.പി നേതൃത്വം ട്വീറ്റ് ചെയ്തു.