കൊച്ചി > കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. ആവശ്യമെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഹൈക്കോടതിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ബിഷപ്പ് ഹൗസിനു മുന്നില്‍ പഞ്ചാബ് പൊലീസ് സായുധസേനയെ വിന്യസിച്ചിരുന്നു. ഇവിടേക്കുള്ള വഴികള്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. അറസ്റ്റ് ഉണ്ടാവുകയാണെങ്കില്‍ പ്രതിഷേധമുയര്‍ന്നേക്കാമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയ അന്വേഷണ സംഘം ആദ്യം ബിഷപ്പിന്റെ ഒപ്പമുള്ള രണ്ട് വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ ബന്ധുവായ വൈദികന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന പൊതു താല്‍പ്പര്യ ഹര്‍ജി ഇന്ന് കേരളാ ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ അന്വേഷണം തൃപ്‌തികരമാണെന്നും അറസ്റ്റിന്റെ കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു.