ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്‌ത്രീബന്ധവും ആരോപിച്ചു രംഗത്തെത്തി വിവാദം സൃഷ്ടിച്ച ഭാര്യ ഹസിന്‍ ജഹാന്‍ അറസ്‌ററിലായി. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ഷമിയുടെ വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നായിരുന്നു് അറസ്റ്റ്. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ ഷമി ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
കുഞ്ഞിനെയും കൂട്ടിയാണ് ഹസിന്‍ ജഹാന്‍ സഹാസ്‌പുര്‍ അലി നഗറിലെ ഷമിയുടെ വീട്ടിലെത്തിയത്. ഷമിയുടെ സഹോദരന്‍മാരും കുടുംബവുമാണ് ഈ സമയത്തു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഷമിയുടെ ഭാര്യയെ വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കിയില്ല. ഇതോടെ മക്കളെയും കൂട്ടി ഒരു മുറിയിലേക്ക് ഓടിക്കയറിയ ഹസിന്‍, വാതില്‍ അകത്തുനിന്നു പൂട്ടി.
ഇതിനിടെ ഷമിയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തിയെങ്കിലും വാതില്‍ തുറക്കാനോ വീട്ടില്‍നിന്നു മടങ്ങാനോ ഹസിന്‍ കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ചു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
നേരത്തെ, ഷമിക്കെതിരെ സ്‌ത്രീ പീഡനത്തിനു ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊല്‍ക്കത്ത പൊലീസ് അലിപോര്‍ പൊലീസ് കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്‌ത്രീ പീഡനം, സ്‌ത്രീധന പീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകളാണു ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹസിന്‍ ജഹാന്‍ 2018ല്‍ നല്‍കിയ പരാതിയിലാണു നടപടി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ജഹാന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണു വിവാദങ്ങളുടെ തുടക്കം.