മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്‌റ്റ്‌ലി (66) അന്തരിച്ചു. രണ്ടാഴ്‌ചയായി ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. ഭൗതികശരീരം ഡല്‍ഹി കൈലാഷ് കോളനിയിലെ വസതിയിലും ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും. ഉച്ചയ്‌ക്കു ശേഷം നിഗംബോധ്‌ഘട്ടിലെ ശ്‌മശാനത്തിലാണു സംസ്‌കാരം. സംഗീത ദോഗ്രയാണു ഭാര്യ. സോണാലി, രോഹന്‍ എന്നിവര്‍ മക്കളാണ്.
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജയ്‌റ്റ്‌ലി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് ഒന്‍പതിനാണ് ജയ്‌റ്റ്‌ലിയെ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. 13ന് വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്‌തു.
ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡോക്ടര്‍മാരുടെ സംഘം ദിവസവും ജയ്‌റ്റ്‌ലിയുടെ ആരോഗ്യനില പരിശോധിച്ച് ഒപ്പമുണ്ടായിരുന്നു.
യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമായ ജയ്‌റ്റ്‌ലി മന്ത്രിയായിരുന്ന വേളയിലാണു മോദി സര്‍ക്കാര്‍ നോട്ടുനിരോധനം, ജിഎസ്‌ടി തുടങ്ങിയവ നടപ്പാക്കിയത്. വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയ്‌റ്റ്‌ലി വാര്‍ത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കല്‍, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ വഹിച്ചു.