കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്ബിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്ബതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കൈകള്‍, പാന്‍ക്രിയാസ്, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.
വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജാതിക്കും, മതത്തിനും, ഭാഷയ്ക്കും, ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മസ്തിഷ്‌ക മരണം സംഭവിച്ചത് നിയമപ്രകാരം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ബന്ധപ്പെടുകയായിരുന്നു. മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.
ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുള്ള രോഗിക്കും, കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്.
കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടാണ് കണ്ടെത്തിയത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാനമാര്‍ഗം ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു.