രാജ്യതലസ്ഥാനത്ത് മെട്രോ ജീവനക്കാര്‍ ശനിയാഴ്ച മുതല്‍ സമരം ആരംഭിക്കാനിരിക്കെ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇടപെടുന്നു. ജീവനക്കാരോട് സമരത്തിലേക്ക് നീങ്ങരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. സമരവുമായി ജീവനക്കാര്‍ മുന്നോട്ട് പോയാല്‍ എസ്മ പ്രയോഗിക്കുമെന്ന് കേജരിവാള്‍ അറിയിച്ചു. മെട്രോ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന് പറഞ്ഞ കേജരിവാള്‍ ലക്ഷകണക്കിന് ജനങ്ങളെ സമരം ബാധിക്കുമെന്നും വ്യക്തമാക്കി.
അതിനിടെ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശനിയാഴ്ച മെട്രോ ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കു വിളിച്ചു. ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞതിനു ശേഷം തീരുമാനമറിയിക്കാമെന്ന് സിസോദിയയും പറഞ്ഞു. നോണ്‍ എക്സിക്യുട്ടീവ് ഉദ്യോഗസ്ഥരായ 9000 പേര് പങ്കെടുക്കുമെന്നാണ് സൂചന.
ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന് കണ്ട്രോള് ചെയ്യുന്നവര്‍, ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി റെയില്‍വെയുടെ സുപ്രധാന വിംഗിലുള്ളവരെല്ലാം സമരത്തിന് ഇറങ്ങുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചുള്ളത്. ശമ്ബള വര്‍ധനയടക്കം എട്ടു വിഷയങ്ങളിലുള്ള ആവശ്യങ്ങള്‍ ജീവനക്കാരുടെ സംഘടന കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.