തായ്‌പേയില്‍ നടക്കുന്ന പന്ത്രണ്ടാമത് ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിച്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടും സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ മിക്‌സഡ് വിഭാഗത്തില്‍ വിജയവീര്‍ സിദ്ധു, ഇഷ സിങ് എന്നിവരാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. നേരത്തെ ഇതേ ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിയും മനുഭാക്കറും ചേര്‍ന്ന ടീമും സ്വര്‍ണം നേടിയിരുന്നു.
വ്യാഴാഴ്‌ച ഇന്ത്യ രണ്ട് വെള്ളിമെഡല്‍കൂടി സ്വന്തമാക്കി. സീനിയര്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മികസ്‌ഡ് ടീം വിഭാഗത്തില്‍ രവി കുമാര്‍, ഇളവെനില്‍ വാളറിവാന്‍ സഖ്യം ആണ് വെള്ളിമെഡല്‍ നേടിയത്. ഈ ഇനത്തില്‍ 499.6 പോയന്റ് നേടിയ കൊറിയയ്‌ക്കാണ് സ്വര്‍ണം. ഇന്ത്യ 498.4 നാല് പോയന്റ് സ്വന്തമാക്കി.
ഇതോടെ അഞ്ച് മെഡലുകളുമായി ഇന്ത്യയാണ് പട്ടികയില്‍ മുന്നിലുള്ളത്. ജൂനിയര്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ മെഹൂലി ഘോഷ് കേവല്‍ പ്രജാപതി കൂട്ടുകെട്ട് ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ശ്രേയ അഗര്‍വാള്‍ യാഷ് വര്‍ധന്‍ എന്നിവരടങ്ങുന്ന സഖ്യവും ഫൈനലിലെത്തി.