ജക്കാര്ക്ക: ( 28/08/2018) ഏഷ്യന്‍ ഗെയിംസ് ട്രാക്കിനിങ്ങളില്‍ ടോപ്ഗിയറിലോടി ഇന്ത്യ. ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ തന്നെ നേടി. മികച്ച പ്രകടനത്തിലൂടെ മന്‍ജിത് സിംഗ് സ്വര്‍ണം നേടിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയിറങ്ങിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്ബാദ്യം ഒമ്ബതായി.
മന്‍ജിത് 1:46.15 മിനിറ്റില്‍ ഫിനിഷ് ചെയ്തപ്പോള് 1:46.35 സമയദൈര്‍ഘ്യത്തിലാണ് ജിന്‍സണ്‍ ഫിനിഷിംഗ് പോയിന്റിലെത്തിയത്. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ മെഡലാണ് മന്‍ജിതിലൂടെ സ്വന്തമാക്കിയത്. നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയ്ക്കായി സുവര്‍ണനേട്ടം സ്വന്തമാക്കിയവര്‍.
ഒമ്ബതു സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവുമടക്കം 47 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില് ഇന്ത്യ.