• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രളയ ദുരന്തത്തിലെ ഹീറോ ജയ്‌സല്‍; ഏഷ്യാനെറ്റ്, മനോരമ, ഫോട്ടോഗ്രാഫര്‍ ഗോപന്‍.... (കുര്യന്‍ പാമ്പാടി)

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന് ശേഷം കണ്ട ഭീകരമായ പ്രളയത്തിന്റെ നടുക്കം വിട്ടു കേരളം കരകയറി തുടങ്ങി. അന്നത്തെ പ്രളയത്തിന് സാക്ഷിയായ -കുമളി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്‍. വിശ്വനാഥ അയ്യര്‍ എന്ന മുരിക്കടി സ്വാമി (107) യും ഈ പ്രളയത്തോടൊപ്പം കടന്നു പോയി. അന്ന് വെറും പതിമൂന്നു വയസു പ്രായമുള്ള അയ്യര്‍ ഹൈറേഞ്ച്മുഴുവന്‍ കുത്തിയൊലിച്ച് പോകുന്നത്
കണ്ടതാണ്.

എന്നാല്‍ ഒരുനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഹൈറേഞ്ചു മാത്രമല്ല കേരളം മുഴുവന്‍ പ്രളയത്തില്‍ മുങ്ങി താഴുന്നതു കണ്ടുകൊണ്ടാണ് സ്വാമി ലോകത്തോട് വിട വാങ്ങിയത്. നാടുംനഗരവും ആളും അര്‍ത്ഥവും വെള്ളത്തിലാണ്ടു. ആയിരത്തോടടുത്ത് മനുഷ്യ ജീവന്‍പൊലിഞ്ഞു. രക്ഷപ്പെട്ടവരുടെ ജീവിതങ്ങള്‍ കെട്ടിപ്പടുക്കുന്ന തിരക്കിലാണ് കേരളം കൈകോര്‍ത്തു നീങ്ങുന്നത്. യുഎന്നും മാര്‍പാപ്പയും മുതല്‍ ജാക്കര്‍ത്തയില്‍ മാറ്റുരക്കാന്‍ പോയ സൈന നേവാള്‍വരെ അക്കൂടെയുണ്ട്..

വളരെക്കാലത്തിനു ശേഷം കേരളത്തില്‍ കാലോചിതവും ഊര്‍ജസ്വലവുമായ ഒരു ഭരണകൂടം ഉണ്ടെന്നു തെളിഞ്ഞത് ഇപ്പോഴാണ്. സെക്രട്ടറിയേറ്റില്‍ രാപ്പകല്‍ പ്രവര്‍ത്തിച്ച ഡിസാസ്റ്റര്‍ മാനേജ്മന്റ്ടീം, രാവിലെയും വൈകിട്ടും ജനങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി, കേരളത്തെ ഇളക്കി മറിച്ചജനകീയ കൂട്ടായ്മ, അവരോടൊപ്പം നിന്ന മാധ്യമങ്ങള്‍ ഇതെല്ലാം അപൂര്‍വ കാഴ്ചകളായിരുന്നു.

ആര്‍മിയും എയര്‍ഫോഴ്‌സും നേവിയും ഓടിയെത്തി. തീരദേശത്ത് നിന്ന് യന്ത്രവത്കൃത ബോട്ടുകളുമായി മല്‍സ്യ തൊഴിലാളികള്‍ പടയോട്ടം നടത്തി. ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നും യു.പി.യില്‍ നിന്നും വിദഗ്ദ്ധ സംഘങ്ങള്‍പറന്നെത്തി. തെലങ്കാനയില്‍നിന്നു മന്ത്രി തന്നെതിരുവനന്തപുരത്ത് വന്നു സഹായ ഹസ്തം നീട്ടി. കേന്ദ്രം അഞ്ഞൂറ് കോടി രൂപയാണ്ആദ്യപടിയായി ഓഫര്‍ ചെയ്തതെങ്കില്‍ ലക്ഷക്കണക്കിനു മലയാളികള്‍ സേവനം ചെയ്യുന്ന യു.എ.ഇ. 700 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.

പ്രളയത്തിന്റെ രൂക്ഷത ഏറ്റം വലിയ പ്രഹരം ഏല്‍പ്പിച്ച ചെങ്ങന്നൂരിലും ചാലക്കുടിയിലും നെല്ലിയാമ്പതിയിലും ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ വൈദ്യുതിയും ഗതാഗതവും ശുചീകരണവും പടിപടിയായി കൈകാര്യം ചെയ്യുന്നു. സന്നദ്ധത സംഘടനകള്‍ നിസ്തുല സേവനമാണ് നിര്‍വഹിക്കുന്നത്. മനസാക്ഷിയുള്ള ഒരു തലമുറ കേരളത്തില്‍ വളര്‍ന്നു വരുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു.

റോഡുകളുംപാലങ്ങളുംപുനര്‍ നിര്‍മ്മിക്കണം, വീട് നഷ്ടപെട്ടവര്‍ക്കു പുതിയ വീട് ഉണ്ടാകണം, എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കണം, വിദ്യാലയങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കണം, അങ്ങിനെ ഒരായിരം ആവശ്യങ്ങള്‍കേരളത്തിന്റെ മുമ്പിലുണ്ട്. ഇരുപതിനായിരം കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി തന്നെ അക്കമിട്ടു പറയുന്നു. നികുതിയും ലോട്ടറിയും കേന്ദ്ര സഹായവും വായ്പയുമെല്ലാം സ്വരുക്കൂട്ടണം.

എല്ലാ ദുരന്തവും ഒരു വരദാനമാണ് എന്ന് പറയാറുണ്ട്. അനുഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ വിലപ്പെട്ടതാണ്. നാല്പത്തി നാല് നദികളും എണ്‍പതു ഡാമുകളും ഉള്ള സസ്യശാമള കോമളമായ കേരളത്തില്‍ ഇത്തരത്തില്‍ ഇനിയുമൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രകൃതി ചൂഷണവും ഡാമുകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രക്രിയകളും നിര്‍ത്തേണ്ട കാലം അതിക്രമിച്ചുഎന്നാണ് വന്ദന ശിവയും അരുന്ധതി റോയിയും പറയുന്നത്.

പ്രളയ കാലത്ത് 35 ഡാമുകളാണ് തുറന്നു വച്ചിരുന്നത്. ഇത്രയുമേറെ ഡാമുകള്‍ ഒന്നിച്ച് തുറന്നുവച്ചതാണ് പ്രളയം രൂക്ഷമാകാന്‍ കാരണമെന്നും കേരളമാകെ ദുരിതം വിതച്ചിട്ടും പണമുണ്ടാക്കാനുള്ള വൈദ്യുതി വകുപ്പിന്റെഅത്യാര്‍ത്തിയാണ് കുട്ടനാട്ടിലും പെരിയാര്‍ തീരത്തും പ്രളയം കരകവിയാണ് ഇടയാക്കിയതെന്നും വിമര്‍ശകര്‍ പറയുന്നു.

ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറന്നു. പമ്പ, കക്കി ഡാമുകള്‍ ഒന്നിച്ച് തുറന്നതു കൊണ്ട് കുട്ടനാടു പ്രളയത്തില്‍ മുങ്ങി. യാതൊരുമുന്നറിയിപ്പുമില്ലാതെ ബാണാസുരഡാം തുറന്നതു കൊണ്ട് ഏഴു ഗ്രാമങ്ങളാണ് ഒറ്റ രാത്രി കൊണ്ട് വെള്ളത്തിലാണ്ടത്.

പാഠങ്ങള്‍ പലതും പഠിക്കാനുണ്ട്. നെടുമ്പാശേരി എയര്‍ പോര്‍ട്ടിനെ വെള്ളത്തിലാക്കിയത് നിര്‍മാണത്തിലെ അശാസ്ത്രീയത കൊണ്ടണെന്നു പരാതിയുണ്ട്. എയര്‍പോര്‍ട്ടില്‍ ആകെ വിരിച്ച സോളാര്‍ പാനലുകള്‍ വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി. വളരെ വേഗം വെള്ളം കയറി മുങ്ങത്തക്കവിധം നിലത്തോട് ചേര്‍ത്താണ് പാനലുകള്‍ വിന്യസിപ്പിച്ചത്. എയര്‍ പോര്‍ട്ട് അടച്ചപ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം വില്ലിങ്ങ്ടണ്‍ദ്വീപിലെ നേവല്‍ എയര്‍പോര്‍ട്ട് തുറക്കേണ്ടതായിരുന്നു. അതിനുപത്തു ദിവസം കാത്തിരിക്കേണ്ടി വന്നു!

വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ദുരിത നിവാരണത്തിനു വഹിച്ച പങ്കു നിസാരമല്ല. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മെയിന്‍ സ്ട്രീം മാധ്യമങ്ങളും ഒന്നിനൊന്നു മികച്ചു നിന്നു. റേറ്റിങ്ങില്‍ ബഹുദൂരം മുന്നിലുള്ള ഏഷ്യാനെറ്റ് ഇത്തവണയും ഒന്നാം സ്ഥാനം നില നിര്‍ത്തി. പുനരധിവാസം പുരോഗമിക്കുമ്പോള്‍ ചെങ്ങന്നൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഭവന ശുചീകരണത്തിനുള്ള ഒരു ടീമിനെ തന്നെ അവര്‍രംഗത്തിറക്കി. മനോരമ ചാനല്‍ രണ്ടാം സ്ഥാനത്തും മീഡിയ വണ്‍ മൂന്നാം സ്ഥാനത്തും നിന്നു. കേരളത്തിന് എന്തിനു ഇങ്ങനെയൊരു ദൂരദര്‍ശന്‍ ചാനല്‍ എന്ന ചോദ്യം വീണ്ടും വീണ്ടും ഉയരുന്നു. വായ്പ്പാട്ടാണ് പ്രളയ ദുരന്തത്തിലുംഅവരുടെ ഫോര്‍ട്ട്!

പത്രങ്ങളില്‍ മലയാള മനോരമ ബഹുദൂരം മുന്നില്‍ നിന്നു.. ചിത്രങ്ങള്‍, ഗ്രാഫിക്‌സ് എന്നിവയുടെ സഹായത്തോടെ അവരുടെ കവറേജ് ഗംഭീരമായിരുന്നു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍ രണ്ടുമാസം പ്രായമായ കൈക്കുഞ്ഞുമായി വിതുമ്പുന്ന അഖില എന്ന യുവ മാതാവിന്റെആര്‍.എസ് .ഗോപന്‍ എടുത്ത ചിത്രം ലോകമാസകലം മലയാളി മനസാക്ഷിയെ പിടിച്ചുലച്ചു. എ.പി. ഫോട്ടോഗ്രാഫര്‍ നിക്ഉറ്റിന് പുലിറ്റ്സര്‍സമ്മാനം നേടിക്കൊടുത്ത വിയറ്നാം ചിത്രം പോലെ.

പ്രളയ ദുരന്തത്തിലെ ഹീറോ തീര്‍ച്ചയായും മലപ്പുറം വേങ്ങരക്കടുത്ത് രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്കുബോട്ടില്‍കയറാന്‍ വെള്ളത്തില്‍ കുനിഞ്ഞു കിടന്നു മുതുകു കാട്ടിക്കൊടുത്ത കെ.പി.ജൈസല്‍ എന്ന ചെറുപ്പക്കാരനാണ്. മൂന്ന് കുട്ടികളുമായി ഒറ്റമുറി വീട്ടില്‍ കഴിയുന്ന ഈ മല്‍സ്യ തൊഴിലാളിയുടെ വിപതി ഇധൈര്യം സോഷ്യല്‍ മീഡിയ ആണ് ആദ്യം പുറത്തു കൊണ്ട് വന്നത്. ഒടുവില്‍ അത് അന്താ രാഷ്ട്ര മാദ്ധ്യമങ്ങളില്‍ വരെ സ്ഥാനം പിടിച്ചു . ജൈസലിന് വീട് നിര്‍മിച്ച് നല്‍കാന്‍ ഒരു സന്നദ്ധ സംഘടന തയ്യാറായി.

 

Top