അസം ദേശീയ പൗരത്വ രജിസ്റ്ററിെന്റ (എന്‍.ആര്.സി) അന്തിമ കരട് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ തിങ്കളാഴ്ച സുപ്രീംകോടതി മുമ്ബാകെയെത്തും. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് എന്‍.ആര്.സി തയാറാക്കുന്നത്.
അന്തിമ കരട് ജൂണ്‍ 30 ന് പ്രസിദ്ധീകരിക്കണമെന്നും കാലാവധി ഇനിയും നീട്ടി നല്‍കാനാവില്ലെന്നും രജിസ്റ്റര്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, രോഹിങ്ടണ്‍ ഫാലി നരിമാന് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ബാരക് താഴ്്വരയിലെ വെള്ളപ്പൊക്കം കാരണം നേരത്തേ നിശ്ചയിക്കപ്പെട്ട പോലെ ജൂണ്‍ 30ന് കരട് പുറത്തിറക്കാനാവില്ലെന്ന് സംസ്ഥാന കോഒാഡിനേറ്റര്‍ പ്രതീക് ഹജേല ജൂണ്‍ 28ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷയും നല്‍കിയിരുന്നു. എഴ് ജില്ലകളിലെ അഞ്ച് ലക്ഷം പേരെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ 25 പേര് മരിച്ചിട്ടുണ്ട്.
എല്ലാ യഥാര്‍ഥ ഇന്ത്യക്കാരുടെയും പേരുകള്‍ സംസ്ഥാന പൗരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. എന്‍.ആര്.സി പ്രസിദ്ധീകരണത്തെ തുടര്‍ന്നുള്ള അക്രമ സാധ്യത തള്ളിയ അദ്ദേഹം ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനമൊട്ടാകെ സേനയെ വിന്യസിച്ചതായും പറഞ്ഞിരുന്നു. മാര്‍ച്ച് 27 നാണ് കരട് പ്രസിദ്ധീകരിക്കുന്നതിനുള്ള കാലാവധി നീട്ടാനുള്ള അപേക്ഷ സുപ്രീംകോടതി തള്ളിയത്.