• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പൗരത്വ ബില്‍ പ്രതിഷേധം കത്തുന്നു; അസമില്‍ വെടിവെപ്പ്‌, മൂന്നുപേര്‍ മരിച്ചു

പാര്‍ലമെന്റ്‌ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹട്ടിയില്‍ മൂന്ന്‌ പ്രതിഷേധക്കാര്‍ പോലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്‌. ബില്ലിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ്‌ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഫ്യു ലംഘിച്ചെത്തിയ ആയിരക്കണക്കിന്‌ പ്രതിഷേധക്കാരാണ്‌ തെരുവിലിറങ്ങിയത്‌.

പോലീസുമായുള്ള ഏറ്റുമുട്ടിലിനിടെയാണ്‌ വെടിവെപ്പ്‌ നടന്നത്‌. പ്രതിഷേധക്കാര്‍ ഒരു ബാങ്കിന്‌ തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌. ബുധനാഴ്‌ച രാത്രിയിലാണ്‌ ഗുവാഹട്ടിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്‌.

പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അസമിലെ 10 ജില്ലകളില്‍ അധികൃതര്‍ 48 മണിക്കൂര്‍ നേരത്തേക്ക്‌ ഇന്റര്‍നെറ്റ്‌ ബന്ധം വിഛേദിച്ചിരിക്കുകയാണ്‌. മാത്രമല്ല സംസ്ഥാനത്ത്‌ വിവിധ ഇടങ്ങളില്‍ സുരക്ഷാ സേനയുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയിരുന്നു. സംസ്ഥാനത്ത്‌ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്‌.

അസമുള്‍പ്പെടെയുള്ള വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്‌. അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം താത്‌കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്‌. മാത്രമല്ല ഗുവാഹട്ടി, ദിബ്രുഗഡ്‌ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി.

Top