മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ടു സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21ന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 24ന്. ഒറ്റഘട്ടമായാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്‌റ്റംബര്‍ 27ന് പുറപ്പെടുവിക്കും. ഒക്ടോബര്‍ നാല് ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.
നവംബര്‍ രണ്ടിനാണ് ഹരിയാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും. ഹരിയാനയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്.