ഗോരഖ്പുർ∙ ഉത്തർപ്രദേശിലെ കുഷിനഗറിൽ ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. എട്ടു വിദ്യാർഥികൾക്കു ഗുരുതരമായി പരുക്കേറ്റു. ഗോരഖ്പുറിൽനിന്ന് 50 കിലോമീറ്റർ അകലെയാണു കുഷിനഗർ. ഡിവൈൻ പബ്ലിക് സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ബേഹ്പുർവയിലെ ആളില്ലാ ലെവൽക്രോസിൽവച്ച് 55075 താവെ – കപതാൻഗഞ്ച് ട്രെയിനാണു സ്കൂൾ ബസുമായി കൂട്ടിയിടിച്ചതെന്നു റെയിൽവേ വക്താവ് വേദ്പ്രകാശ് അറിയിച്ചു. ഗോരഖ്പുരിൽനിന്നു സിവാനിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിൻ.
സ്കൂൾ ബസിൽ വിദ്യാർഥികളടക്കം കുറഞ്ഞത് 25 പേരുണ്ടായിരുന്നു. കുട്ടികളിൽ ഭൂരിഭാഗവും 10 വയസ്സിൽ താഴെയുള്ളവരാണ്. ഗെയിറ്റ് കാവൽക്കാരൻ ബസ് തടയാൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. ബനാറസ് റെയിൽവേ ഡിവിഷനിലെ ദുധി സ്റ്റേഷനു സമീപമുള്ള ആളില്ലാ ലെവൽക്രോസ് 45 ലാണ് അപകടമുണ്ടായത്.