പാലക്കാട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതായി വൈദ്യുതി മന്ത്രി എം.എം.മണി. പദ്ധതി സംബന്ധിച്ച് മുന്നണിയിലും കോണ്‍ഗ്രസിലും എതിര്‍പ്പുള്ളതിനാല്‍ സമവായ സാധ്യതകള്‍ കുറവാണ്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും മന്ത്രി ഷൊര്‍ണൂരില്‍ പറഞ്ഞു.
പദ്ധതിയെക്കുറിച്ച് നിയമസഭയിൽ സർക്കാർ പറഞ്ഞത്:
∙ ഡാം ഇവിടെ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിൽ. ഡാമിൽനിന്നു മൂന്നര മീറ്റർ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റർ ദൂരെയുള്ള കണ്ണങ്കുഴിയിൽ എത്തിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുക.
∙ ഡാമിന്റെ ഉയരം: 23 മീറ്റർ
∙ ശേഷി: 84.4 ലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാം
∙ ഉൽപാദനം: ആറു മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിക്കാം.
∙ ചെലവ്: 936 കോടി രൂപ
∙ പരിസ്ഥിതി ആഘാതം: 138.6 ഹെക്ടർ വനഭൂമിയെ ബാധിക്കും. 42 ഹെക്ടറിലെ മരം മുറിക്കണം. 104.4 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലാകും
ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണു പുതിയ ഡാം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചത്. പുതിയ ഡാം നിര്‍മ്മിക്കുകയാണെങ്കില്‍ ഈ വെള്ളം മുകളില്‍ തടഞ്ഞുനിര്‍ത്തും. ഡാമില്‍ നിന്ന് മൂന്നര മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റര്‍ ദൂരെയുള്ള കണ്ണങ്കുഴിയില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക.
വൈദ്യുതി ഉല്‍പാദനത്തിനു ശേഷം ഡാമില്‍നിന്ന് 7.8 കിലോമീറ്റര്‍ താഴെ ചാലക്കുടിപ്പുഴയിലേക്കു തന്നെ ഈ വെള്ളം ഒഴുക്കിവിടും. ഇത് തടഞ്ഞ് നിറുത്തിയാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകും. കൂടാതെ, 138 ഹെക്ടര്‍ വനഭൂമി ഇതുവഴി നശിക്കും.