• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നാട്ടുകാര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു: മധുവിന്റെ മരണമൊഴി പുറത്ത്

അഗളി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൊഴി രേഖപ്പെടുത്തിയ എഫ്.ഐ.ആര്‍ പുറത്ത്. പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ്‌ മധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മധുവിന്റെ മരണമൊഴി പുറത്തുവന്നു. നാട്ടുകാര്‍ തന്നെ മര്‍ദിച്ചുവെന്നാണ് മരിക്കുന്നതിന് മുന്‍പ് മധു നല്‍കിയിരിക്കുന്ന മൊഴി. മോഷ്ടാവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ കാട്ടില്‍ നിന്ന് പിടിച്ച്‌ കൊണ്ടുവരികയായിരുന്നെന്നും അടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നും മധുവിന്റെ മരണമൊഴിയില്‍ പറയുന്നു.

അതേസമയം, മധുവിന്റെ പോസ്റ്റ്മോര്‍ട്ടം നാളത്തേക്ക് മാറ്റിവെച്ചു. സമയം വൈകിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം മാറ്റിവെച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയ ആംബുലന്‍സ് ആദിവാസി സംഘടനകളും മധുവിന്റെ ബന്ധുക്കളും തടഞ്ഞു. ഇതാണ് പോസ്റ്റ്മോര്‍ട്ടം വൈകാന്‍ കാരണമായത്. സംഭവത്തിലെ പ്രതികളെ മുഴുവന്‍ പിടിക്കാതെ പോസ്റ്റ്മോര്‍ട്ടം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആംബുലന്‍സ് തടഞ്ഞത്. എസ്പി പ്രതീഷ് കുമാര്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായത്. കുറ്റക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

വ്യാഴാഴ്ച വൈകുന്നേരമാണു കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്‍നിന്നു സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച്, ഉടുത്തിരുന്ന മുണ്ടഴിച്ചു കയ്യില്‍ കെട്ടിയ ശേഷമായിരുന്നു മര്‍ദനം. കടുകമണ്ണ ഊരിൽ മല്ലന്റെ മകനാണു മധു. കേസിൽ മജിസ്റ്റീരിയൽതല അന്വേഷണം നടത്തുമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഐജി എം.ആർ‌.അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്.

Top