തിരുവനന്തപുരം∙ ഭക്തിയുടെ, ആത്മസമർപ്പണത്തിന്റെ പൊങ്കാലക്കലങ്ങൾ ഇന്നു ദേവിക്കു മുന്നിൽ ഒരാണ്ടിന്റെ വ്രതസാഫല്യമായി തിളച്ചുതൂവൂം. അതിൽ അമ്മയുടെ സ്നേഹാനുഗ്രഹങ്ങൾ തീർഥത്തുള്ളികളാകും. ആ ധന്യനിമിഷങ്ങളിൽ അനന്തപുരിയും ദേവിയുടെ സവിധത്തിലേക്കു നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഓടിയെത്തിയ ആയിരക്കണക്കിനു ഭക്തരും വീണ്ടും ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയും.
വെള്ളിയാഴ്ച രാവിലെ 10.15-നാണ് പൊങ്കാല തുടങ്ങുന്നത്. പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം, തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ആരംഭം. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു പകര്‍ന്നുനല്‍കുന്ന തീ, മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ കത്തിക്കും. പിന്നീട് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി.
ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. രാത്രി 7.45-ന് കുത്തിയോട്ടത്തിനു ചൂരല്‍കുത്ത്. 11.15-ന് പുറത്തെഴുന്നള്ളത്ത്. പാമ്പാടി രാജന്‍ എന്ന കൊമ്പനാണ് ആറ്റുകാലമ്മയുടെ തിടമ്പേറ്റുന്നത്. പഞ്ചവാദ്യം, സായുധ പോലീസിന്റെ അകമ്പടി എന്നിവ ഘോഷയാത്രയ്ക്കുണ്ടാകും. ദേവീദാസന്മാരായ 983 കുത്തിയോട്ട ബാലന്മാര്‍ അകമ്പടി പോകും. ശനിയാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജ കഴിഞ്ഞ് രാവിലെ 8-ന് അകത്തെഴുന്നള്ളത്ത്. രാത്രി 9-ന് കാപ്പഴിച്ചു കുടിയിളക്കും. 12.30-ന് കുരുതിയോടെ ഉത്സവം സമാപിക്കും.