• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ദര്‍ശന പുണ്യമേകി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആറ്റുവേല ഭക്തിസാന്ദ്രമായി

വൈക്കം : ദര്‍ശന പുണ്യമേകി ആറ്റുവേല ഭക്തിസാന്ദ്രമായി. കോട്ടയം വൈക്കം വടയാര്‍ ദേവീക്ഷേത്രത്തില്‍ മീനമാസത്തിലെ അശ്വതിനാളില്‍ നടന്നു വരുന്ന പ്രസിദ്ധമായ ആറ്റുവേല ഉത്സവം മൂവാറ്റുവുഴയാറിന്റെ ജലനിരപ്പിലൂടെ ദീപാലങ്കാരത്താല്‍ വര്‍ണ്ണാഭമായ കാഴ്ച്ച ഒരുക്കി ഓളങ്ങള്‍ക്കനുസൃതമായി താളമേളങ്ങളോടെ ഒഴുകിനീങ്ങി.

ആയിരത്തോളം കുത്തുവിളക്കുകളും, 108 തൂക്കു വിളക്കുകളും,വൈദ്യുതി ദീപാലംങ്കാരങ്ങളും കൊണ്ട് വര്‍ണ്ണശോഭയാല്‍ അലംകൃതമായ ഈ കാഴ്ച്ച ദര്‍ശിക്കുവാന്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് മൂവാറ്റുപുഴയാറിന്റെ ഇരു കൈവരികളിലുമായി തടിച്ചുകൂടിയത്. ഭക്ജനങ്ങള്‍ പ്രര്‍ത്ഥനകളാല്‍ ആറ്റുവേല പുറകെ അരിയും പൂവും എറിഞ്ഞു. ആറ്റുവേല തൊഴുത് മടങ്ങിയാല്‍ ഐശ്വര്യവും രോഗമുക്തിയും കൈവരിയുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഭക്തര്‍ ആറ്റുവേലച്ചാടിനു പുറകെ അരിയും പൂവും എറിയുന്നത് എന്നും പറയുന്നു.


ആവേശം തിരതല്ലിയൊഴുകിയ നിമിഷത്തില്‍ കാണികള്‍ താളമേളങ്ങളും ആര്‍പ്പും കുരവയുമായി വെളളത്തിന്റെ ഓളങ്ങള്‍ക്കനുസൃതമായി തുഴഞ്ഞ് വഞ്ചിയില്‍ ആറ്റുവേലയുടെയും തൂക്കച്ചാടിന്റെയും പുറകെ ലയിച്ച്‌ ഒഴുകകയായിരുന്നു. തന്റെ പ്രീയ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുവാനും, ഒപ്പം ഇളങ്കാവിലമ്മയെ കാണുവാന്‍ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാര്‍ഗ്ഗം എത്തുന്നുവെന്നുമാണ് ആറ്റുവേലയ്ക്കു പിന്നിലുളള ഭക്തരുടെ സങ്കല്‍പ്പം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ജാതി മതഭേതമില്ലാതെ ഒട്ടനവധിപേരാണ് ആറ്റുവേല ദര്‍ശിക്കുവാന്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നിരുന്നത്. ആറ്റുവേല പുറപ്പാട് കേരളത്തിലെ ക്ഷേത്രാചാരങ്ങളിലെ അപൂര്‍വമായ കാഴ്ചയാണ്.

തിങ്കളാഴ്ച്ച രാത്രി ആറ്റുവേലക്കടവില്‍ പുറക്കളത്തില്‍ ഗുരുതിക്കുശേഷം കൊടുങ്ങല്ലൂരമ്മയുടെ വിഗ്രഹം ആറ്റുവേലച്ചാടിലേക്ക് എഴുന്നളളിച്ച ശേഷം ജലമാര്‍ഗ്ഗം തൂക്കങ്ങളും താളമേളങ്ങളുമായാണ് ഇളങ്കാവിലേക്ക് പുറപ്പെട്ടത്. ആറ്റുവേലയ്ക്ക് മാറ്റേകി വര്‍ണ്ണോജ്വലമാക്കാന്‍ നിരവധി വളളങ്ങളില്‍ ഗരുഡമാരുടെ തൂക്കച്ചാടുകളും വാദ്യഘോഷങ്ങളും താലപ്പൊലിയും മുത്തുകുടകളും നിരന്നിരുന്നു.പുഴയുടെ ഇരു കരകളിലുമായി പിണ്ടിവിളക്കും കുത്തുവിളക്കും ചട്ടിവിളക്കും, മോഡേണ്‍ വിവിധ ഡിസൈന്‍ ബള്‍ബുകളും കൊണ്ട് അലംങ്കരിച്ചും,വെടിക്കെട്ട് നടത്തിയുമാണ് ആറ്റുവേലയെ ഭക്തര്‍ സ്വീകരിച്ചത്. ദീപാലങ്കാരങ്ങളാല്‍ ഗോപുരം തീര്‍ത്ത ആറ്റുവേല ര്ണ്ട് വളളങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ആറ്റുവേലച്ചാടിന്റെ മുകളില്‍ ശ്രീകോവില്‍ മാതൃകപോലെ ഒരുക്കി അതിനുളളില്‍ ഇരുത്തിയാണ് കൊടുങ്ങല്ലൂരിലമ്മയെ ഇളങ്കാവ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്.

ഇളങ്കാവ് ക്ഷേത്രകടവിലെത്തിയ ആറ്റുവേലയെ തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്ബൂതിരി അരിയും പൂവും ആറ്റുവേലചാടിലെറിഞ്ഞ് ഭഗവതിയെ എതിരേറ്റ് പളളി സ്രാമ്ബലേക്ക് എഴുന്നളളിച്ചു.ഈ സമയം ഇളങ്കാവിലമ്മയുടെ നട തുറക്കുന്നതല്ല. ക്ഷേത്രത്തിനു പുറത്തെ ചെറിയ ക്ഷേത്ര(പളളി സ്രാമ്ബ്)ത്തിലാണ് കൊടുങ്ങല്ലൂരമ്മയെ കൊണ്ട് വന്നിരുത്തിയത്. ഇതിനു ശേഷം ആറ്റുവേലയ്ക്ക് അകമ്ബടിയായെത്തിയ ഗരുഡംതൂക്കങ്ങള്‍ ക്ഷേത്രത്തിനു ചുറ്റും വലം വച്ച്‌ ക്ഷേത്രത്തിനു മുന്നില്‍ പയറ്റ് നടത്തിയാണ് സമര്‍പ്പണം നടത്തിയത്. പിന്നീട് ചൂണ്ടതൂക്കച്ചടങ്ങും നടന്നു. കാലങ്ങളോളമായി നടന്നുവരുന്ന ലോകപ്രസിദ്ധിയാര്‍ന്ന ആറ്റുവേല ദീപാലംങ്കാരങ്ങള്‍ കൊണ്ട് ഇത്തവണ ഇരട്ടി മധുരവും മാറ്റുമേകി.

Top