അയോധ്യയിലെ ബാബറി മസ്‌ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വിട്ടയച്ചു. ബാബറി മസ്‌ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തു തകര്‍ത്തതല്ലെന്ന് കോടതി പറഞ്ഞു. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു.
കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു. പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്‌താവിച്ചത്. 2000 പേജാണ് വിധി പ്രസ്‌താവത്തിനുള്ളത്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് പറഞ്ഞു. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്‌ജിദ് തകര്‍ക്കപ്പെടുന്നത്
വിനയ് കട്യാര്‍, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധര്‍മദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷണ്‍ ശരണ്‍ യാദവ്, പവന്‍ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്‌താവം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയത്. എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യഗോപാല്‍ ദാസ്, സതീഷ് പ്രധാന്‍ എന്നിവര്‍ ഹാജരായിട്ടില്ല. ഇവര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി വിധി പ്രസ്‌താവം കേട്ടു. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിയിലെത്താതിരുന്നത്.
ലക്‌നൗ സിബിഐ കോടതിയുടെ മുന്നില്‍നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചു. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസ്‌തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം.
ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട് റായ്, മുന്‍ എംപി വിനയ് കട്യാര്‍, മുന്‍ മധ്യപ്രദേശ് മന്ത്രിയും ബജ്‌റങ് ദള്‍ നേതാവുമായിരുന്ന ജയ്‌ഭാന്‍ സിങ് പവയ്യ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകന്‍. 351 സാക്ഷികളെ വിസ്‌തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു.