സിവില്‍ സര്‍വീസിലെ സുവര്‍ണതാരം, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ തിളങ്ങിയ ഡോ. ഡി.ബാബു പോള്‍ (78) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്‌മാനായും സേവനമനുഷ്‌ഠിച്ചിരുന്നു.
ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി.പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ.റോയ് പോള്‍ സഹോദരനാണ്.
എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ജനനം. ഹൈസ്‌കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ്, ഇഎസ്‌എല്‍സിക്കു മൂന്നാം റാങ്കും എംഎയ്‌ക്ക് ഒന്നാം റാങ്കും ഐഎഎസിന് ഏഴാം റാങ്കും നേടി. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്‌ത്രത്തിലും വേദശാസ്‌ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.
ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് നേടുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെഎസ്‌ആര്‍ടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോള്‍ നല്‍കിയ സംഭാവനകള്‍ മികച്ചതാണ്. സാംസ്‌കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്.
4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന 'വേദശബ്ദ രത്‌നാകര'മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000�ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.