വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പെട്ട സ്ഥലത്തുനിന്ന് അസ്വാഭാവികമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കൊച്ചിന്‍ കലാഭവനിലെ സൗണ്ട് റെക്കോഡിസ്റ്റായിരുന്ന സോബി ജോര്‍ജ്. സംഭവം നടന്നു പത്തു മിനിറ്റിനുള്ളില്‍ അതുവഴി കടന്നുപോകുമ്പോള്‍ അപകടം ശ്രദ്ധയില്‍പെട്ടു വാഹനം നിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ റോഡ് ബ്ലോക്കായി തുടങ്ങിയിരുന്നതിനാല്‍ നിര്‍ത്താതെ പോവുകയായിരുന്നുവെന്നും സോബി ജോര്‍ജ് പറഞ്ഞു.
കഴക്കൂട്ടത്ത് ചെന്നപ്പോഴാണ് അപകടത്തില്‍പെട്ടത് ബാലഭാസ്‌കറിന്റെ വാഹനമായിരുന്നെന്ന വിവരം അറിയുന്നത്. അതുവഴി കടന്നുപോകുമ്പോള്‍ മെലിഞ്ഞ ഒരാള്‍ സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടു സ്ഥലത്തുനിന്നു പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അപ്പോള്‍ തന്നെ അസ്വാഭാവികത തോന്നിയിരുന്നതിനാല്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു സോബിപറഞ്ഞു.
ബാലഭാസ്‌കര്‍ മരിച്ചശേഷം സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതോടെയാണു തന്റെ സംശയം ബലപ്പെട്ടതെന്ന് സോബി പറയുന്നു. ബാലഭാസ്‌കറുമായോ ഒപ്പമുള്ളവരുമായോ അടുപ്പമില്ലാതിരുന്നതിനാല്‍ പരിചയമുള്ള ഗായകന്‍ മധു ബാലകൃഷ്‌ണനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഇരുവരും ബന്ധുക്കളാണെന്ന് അറിയാമായിരുന്നു. ബാലഭാസ്‌കറിന്റെ ട്രൂപ്പ് കോഡിനേറ്റര്‍ പ്രകാശ് തമ്പി എന്നൊരാളാണു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതെന്ന് മധു ബാലകൃഷ്‌ണനാണു പറഞ്ഞത്. അദ്ദേഹത്തോടു കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയാകുമെന്നും ബന്ധുക്കളോടു പറയേണ്ടതില്ലെന്നും മധു പറഞ്ഞു.
അങ്ങനെ പ്രകാശ് തമ്പിയെ വിളിച്ചെങ്കിലും നല്ല പ്രതികരണം ലഭിച്ചില്ല. അല്‍പം മോശമായാണു സംസാരിച്ചതും. ഒരു വിവരം പറഞ്ഞു എന്നേ ഉള്ളൂ, കേസിന് എന്തെങ്കിലും ഗുണമാകുമെങ്കില്‍ ആകട്ടെ എന്നു കരുതിയാണു പറഞ്ഞതെന്നും സോബി പറഞ്ഞു. ഇത് ആരോടെങ്കിലും പറഞ്ഞിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഫോണ്‍ വെച്ചുകഴിഞ്ഞ് പത്തു മിനിറ്റുകഴിഞ്ഞ് അദ്ദേഹം തന്നെ തിരിച്ചു വിളിച്ച് ഇതുമായി ബന്ധപ്പെട്ട കേസ് ആറ്റിങ്ങല്‍ സിഐ ആണ് അന്വേഷിക്കുന്നതെന്നു പറഞ്ഞു. ചേട്ടന്റെ നമ്പര്‍ സിഐയ്‌ക്ക് കൊടുത്തിട്ടുണ്ട്. വിളിച്ചാല്‍ അവിടെ ചെന്ന് മൊഴി കൊടുക്കേണ്ടിവരുമെന്നും പറഞ്ഞു. അതിനു കുഴപ്പമില്ലെന്ന് മറുപടിയും നല്‍കി. എന്നാല്‍ പിന്നീട് അതില്‍ നടപടികളൊന്നുമുണ്ടായില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പിന്നീട് ഒരു ഘട്ടത്തിലും പ്രകാശ് തമ്പിയെ സംശയമുള്ളതായി എവിടെയും വാര്‍ത്തകള്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ പ്രകാശ് തമ്പിയെ അറസ്റ്റു ചെയ്‌തതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യമുന്നയിച്ചത്. ഇതോടെയാണ് കഴിഞ്ഞ ദിവസം ബാലുവിന്റെ പിതാവിന്റെ നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റേതെന്നു പറഞ്ഞു നല്‍കിയ നമ്പരിലേക്കു പലപ്രാവശ്യം വിളിച്ചെങ്കിലും എടുത്തില്ലെന്നും സോബി പറയുന്നു.
കഴിഞ്ഞ സെപ്‌റ്റംബറിലാണ് തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപത്തു വച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ടത്. മകള്‍ അപകടത്തില്‍ മരിക്കുകയും ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ അടുപ്പക്കാര്‍ അറസ്റ്റിലാകുകയും അന്വേഷണം അവരിലേക്ക് നീളുകയും ചെയ്‌തതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് മകന്റെ മരണത്തില്‍ ഇവരുടെ ഇടപെടല്‍ ഉണ്ടാകാമെന്ന സംശയം ഉയര്‍ത്തിയത്.