• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചത്‌ അര്‍ജുനെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌

വയലിനിസ്റ്റ്‌ ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാറോടിച്ചിരുന്നത്‌ ഡ്രൈവര്‍ അര്‍ജുനാണെന്ന്‌ ഫൊറന്‍സിക്‌ റിപ്പോര്‍ട്ട്‌. സ്റ്റിയറിങിലെയും സീറ്റ്‌ ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍ ഈ നിഗമനത്തിലെത്തിയത്‌.

ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടിയില്‍നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന്‌ കൈമാറി. ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ, വാഹനമോടിച്ചത്‌ താനല്ലെന്നു അര്‍ജുന്‍ മൊഴി മാറ്റിയതിന്റെ ഉത്തരം ക്രൈംബ്രാഞ്ചിന്‌ വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. കേസിലെ ദുരൂഹതകളും മാറും.

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്‌റ്റംബര്‍ 25ന്‌ പുലര്‍ച്ചെയാണ്‌ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട്‌ റോഡരികിലുള്ള മരത്തിലിടിച്ച്‌ അപകടം ഉണ്ടാകുന്നത്‌.

ഭാര്യയ്‌ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അര്‍ജുനും പരുക്കേറ്റു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ്‌ അര്‍ജുന്‍ പൊലീസിനോട്‌ ആദ്യം പറഞ്ഞത്‌. ബാലഭാസ്‌കര്‍ മരിച്ചതോടെ മൊഴി മാറ്റി. ബാലഭാസ്‌കറാണ്‌ വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി.

കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്‌പി: ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്‌തിരുന്നു. വാഹനമോടിച്ചത്‌ ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൊഴി. അര്‍ജുനാണ്‌ വാഹനമോടിച്ചതെന്നാണ്‌ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. എന്നാല്‍ ബാലഭാസ്‌കറാണ്‌ വാഹനം ഓടിച്ചതെന്നായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഇത്‌ അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

Top