• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പന്ത് ചുരണ്ടൽ വിവാദം: സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റിൽ സസ്പെൻഷനും മാച്ച് ഫീ പിഴയും.

കാന്‍ബറ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്കും പിഴയും. ഒരു ടെസ്റ്റില്‍ നിന്നുമാണ് സ്മിത്തിനെ വിലക്കിയത്. ഒരു മത്സരത്തിന്റെ മാച്ച്‌ ഫീയാണ് സ്മിത്ത് പിഴ ഒടുക്കേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് നടപടി സ്വീകരിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് മാച്ച്‌ ഫീയുടെ 75 ശതമാനവും പിഴ ചുമത്തി

വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റീവ് സ്മിത്തിന് നായകസ്ഥാനവും ഡേവിഡ് വാർണറിന് ഉപനായക സ്ഥാനവും നഷ്ടമായിരുന്നു. ടിം പെയ്നാണ് മൽസരത്തിന്റെ ശേഷിക്കുന്ന ദിനങ്ങളിൽ ഓസീസിനെ നയിക്കുന്നത്. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഓസീസ് ടീമിനെതിരെ ഓസ്ട്രേലിയൻ സർക്കാരും ക്രിക്കറ്റ് ബോർഡും ആരാധകരും ഒന്നാകെ രംഗത്തെത്തിയിരുന്നു. കടുത്ത വിമർശനമുയർന്നതോടെയാണ് സ്മിത്ത് നായകസ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായത്.

കേപ്ടൗണിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് വിവാദ സംഭവമുണ്ടായത്. മൂന്നാം ദിനമായ ശനിയാഴ്ച ലഞ്ചിനു ശേഷം മടങ്ങിയെത്തിയപ്പോൾ, ബാൻക്രോഫ്റ്റ് നിയമവിരുദ്ധമായി പന്തു ചുരണ്ടുന്ന ദൃശ്യം ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു. സംഭവം ചാനലുകൾ ആവർത്തിച്ച് കാണിച്ചതോടെ അംപയറിന്റെ ശ്രദ്ധയിലുമെത്തി. ഇതിനു പിന്നാലെ വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ തന്റെയും ടീമിലെ മുതിർന്ന താരങ്ങളുടെയും സമ്മതത്തോടെയാണ് ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടിയതെന്ന് സ്റ്റീവ് സ്മിത്ത് ഏറ്റുപറയുകയായിരുന്നു.

Top