• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ടിക്‌ ടോക്കിന്‌ ഇന്ത്യയില്‍ വിലക്ക്‌; പ്ലേസ്‌റ്റോറില്‍നിന്ന്‌ നീക്കി

ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക്‌ ടോക്കിന്‌ ഇന്ത്യയില്‍ വിലക്ക്‌. ഈ ആപ്പ്‌ നീക്കം ചെയ്യണമെന്ന്‌ ടിക്‌ ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്‌ ഡാന്‍സിനോട്‌ മദ്രാസ്‌ ഹൈക്കോടതി ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഗൂഗിളും ആപ്പിളും ഇതിന്‌ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്‌.

കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിള്‍, ആപ്പിള്‍ എന്നീ ടെക്‌ ഭീമന്മാര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കമ്പനികള്‍ ടിക്‌ ടോക്ക്‌ നീക്കിയത്‌.

വിനോദം എന്നതിലുപരിയായി വീഡിയോകളില്‍ അശ്ലീലം കൂടിവരുന്നുണ്ട്‌. സ്വകാര്യത സംബന്ധിച്ച ടിക്‌ ടോക്കിന്റെ വ്യവസ്ഥകള്‍ സുതാര്യമല്ല. ഒട്ടേറെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നും കാണിച്ചാണ്‌ ടിക്‌ ടോക്ക്‌ നിരോധിക്കണമെന്ന്‌ മദ്രാസ്‌ ഹൈക്കോടതി ഏപ്രില്‍ മൂന്നിന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.

യുവാക്കളും കൗമാരക്കാരുമാണ്‌ ടിക്‌ ടോക്കിന്റെ പ്രചാരകരിലേറെയും. വീഡിയോ ചിത്രീകരണം, എഡിറ്റിങ്‌, അപ്‌ലോഡിങ്‌, ഷെയറിങ്‌ തുടങ്ങിയവ അനായാസം നടത്താമെന്നതാണ്‌ ടിക്‌ ടോക്കിനെ ജനപ്രിയമാക്കുന്നത്‌.

ടിക്‌ ടോക്‌ വീഡിയോകള്‍ ദുരുപയോഗം ചെയ്‌ത സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്ടില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്‌. പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ച്‌ ബ്ലാക്‌മെയിലിങ്‌ നടത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

സിനിമാ സംഭാഷണങ്ങള്‍ക്കും മറ്റും ചെറു വീഡിയോകള്‍ ചിത്രീകരിച്ച്‌ അപ്‌ലോഡ്‌ ചെയ്യുന്ന ടിക്‌ ടോക്‌, ആപ്പിള്‍ ആപ്പ്‌ സ്‌റ്റോറില്‍നിന്ന്‌ ഏറ്റവുമധികം ഡൗണ്‍ലോഡ്‌ ചെയ്യപ്പെടുന്ന ആപ്ലിക്കേഷനാണ്‌. ചൈനീസ്‌ നിര്‍മിതമായ ആപ്ലിക്കേഷന്റെ ഉപയോക്താക്കളില്‍ ഭൂരിപക്ഷവും കൗമാരക്കാരാണ്‌.

Top