• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ച്‌ എസ്‌ബിഐ; പുതിയ നിരക്ക്‌ ഓഗസ്റ്റ്‌ 1 മുതല്‍

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സ്ഥിര നിക്ഷേപങ്ങളിന്‍മേല്‍ നല്‍കിയിരുന്ന പലിശ നിരക്ക്‌ പുനര്‍നിര്‍ണയിച്ചു. എല്ലാ കാലയളവിലേക്കുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ കുറച്ചുകൊണ്ടാണ്‌ പുനര്‍നിര്‍ണയം. 45 ദിവസം മുതല്‍ പത്തു വര്‍ഷം വരെയുള്ള ഹ്രസ്വ, മധ്യ, ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നല്‍കിയിരുന്ന പലിശ നിരക്കിലാണ്‌ കുറവു വരുത്തിയിരിക്കുന്നത്‌. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന അധിക നിരക്കിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌. ഓഗസ്റ്റ്‌ ഒന്നുമുതല്‍ പുതിയ നിരക്ക്‌ പ്രാബല്യത്തില്‍ വരും.

ഏഴു ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ നല്‍കിയിരുന്ന 5.75% നിരക്ക്‌ ഇനി 5% മാത്രമായിരിക്കും. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപത്തിന്‌ ഇനി 5.75 ശതമാനം പലിശ മാത്രമായിരിക്കും ലഭിക്കുക. നേരത്തെ ഇത്‌ 6.25 ആയിരുന്നു. 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളില്‍ 10 പോയിന്റ്‌ കുറച്ച്‌ 6.25 ശതമാനം പലിശ നല്‍കും. ഹ്രസ്വ കാല നിക്ഷേപ പരിധിയില്‍ വരുന്ന 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ 6.40 ശതമാനത്തില്‍ നിന്ന്‌ 6.25 ശതമാനത്തിലേയ്‌ക്ക്‌ പലിശ നിരക്ക്‌ കുറച്ചിട്ടുണ്ട്‌. രണ്ടു വര്‍ഷത്തില്‍ താഴെയുള്ള ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക്‌ 0.20 ശതമാനം കുറച്ച്‌ 6.8 ശതമാനമാക്കി.

ദീര്‍ഘകാല നിക്ഷേപങ്ങളിലും ബാങ്ക്‌ പലിശ നിരക്ക്‌ കുറച്ചിട്ടുണ്ട്‌. ഇതു പ്രകാരം രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള കാലയളവിലേയ്‌ക്കുള്ള നിക്ഷേപങ്ങള്‍ക്ക്‌ 0.5 ശതമാനമാണ്‌ കുറച്ചിട്ടുള്ളത്‌. 6.70ശതമാനം പലിശ നിരക്ക്‌ ഈ നിക്ഷേപത്തിന്‌ ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ ഇനി 6.6 ശതമാനമായിരിക്കും പലിശ നിരക്ക്‌. ഇത്‌ ഇതുവരെ 6.7ശതമാനമായിരുന്നു. അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ 6.6 ശതമാനത്തില്‍ നിന്ന്‌ 6.5 ശതമാനമായാണ്‌ കുറച്ചിരിക്കുന്നത്‌.

Top