• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രഥമ വനിത ബാർബറ ബുഷ് ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹൂസ്റ്റണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിന്റെ ഭാര്യയും മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷിന്റെ മാതാവുമായ ബാര്‍ബറ ബുഷ് (92) ഏപ്രില്‍ 17 ചൊവ്വാഴ്ച ഹൂസ്റ്റണില്‍ അന്തരിച്ചു. സ്വവസതിയിലായിരുന്ന അന്ത്യം. ദീര്‍ഘനാളുകളായി രോഗാതുരയായി കഴിഞ്ഞിരുന്ന ഇവര്‍ അവസാന ദിവസങ്ങളില്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ഉപേക്ഷിച്ചിരുന്നു.

1925 ജൂണ്‍ 8 ന് ന്യൂയോര്‍ക്കിലായിരുന്നു ജനനം. 1945 ല്‍ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിനെ വിവാഹം കഴിച്ചു. സ്മിത്ത് കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇവര്‍ 19 വയസ്സിലാണു വിവാഹിതയായത്.

അമേരിക്കന്‍ ചരിത്രത്തില്‍ ഭര്‍ത്താവിനുശേഷം മകന്‍ പ്രസിഡന്റാകുന്നത് രണ്ടാമത്തെ സംഭവമാണ്.

അബിഗേയില്‍ ആഡംസിനാണ് ഈ ഭാഗ്യം ആദ്യം ലഭിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ ആംഡംസും തുടര്‍ന്ന് മകന്‍ ജോണ്‍ ക്വിന്‍സി ആഡംസും വൈറ്റ് ഹൗസില്‍ എത്തിയിരുന്നു. മുന്‍ ഫ്‌ലോറിഡാ ഗവര്‍ണര്‍ ജെബ് ബുഷ് ഉള്‍പ്പെടെ അഞ്ചു മക്കളും 17കൊച്ചുമക്കളുമാണ് ബാര്‍ബറ ബുഷ് ദമ്പതിമാര്‍ക്കുള്ളത്.

ഫ്യൂണറല്‍ സര്‍വ്വീസ് ഏപ്രില്‍ 21 ശനിയാഴ്ച11 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് മാര്‍ട്ടിന്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ നടക്കും. ക്ഷണിതാക്കള്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ബുഷ് ലൈബ്രറി പരിസരത്താണ് അന്ത്യവിശ്രമം.

 

 

 

Top