യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി ഇന്ത്യന്‍ വംശജ ഭവ്യ ലാല്‍ നിയമിതയായി. പ്രസിഡന്റ് ജോ ബൈഡന്റെ അധികാര കൈമാറ്റ സംഘത്തിലെ അംഗമായിരുന്നു ഭവ്യ ലാല്‍. 2005 മുതല്‍ 2020 വരെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് അനാലിസിസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിലെ (എസ്‌ടിപിഐ) റിസര്‍ച്ച് സ്റ്റാഫായി പ്രവര്‍ത്തിച്ച ഭവ്യയ്‌ക്ക് എന്‍ജിനീയറിങ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജിയില്‍ പ്രവര്‍ത്തന പരിചയമുണ്ട്.
സ്‌പേസ് ടെക്‌നോളജി, സ്‌ട്രാറ്റജി മേഖലയില്‍ വിശകലനം നടത്തുന്ന സംഘത്തെ നയിച്ച ഭവ്യ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി, നാഷനല്‍ സ്‌പേസ് കൗണ്‍സില്‍ എന്നിവയുടെ നയരൂപീകരണത്തിലും പ്രധാന പങ്കു വഹിച്ചിരുന്നു. നാസ ഉള്‍പ്പെടെ ഫെഡറല്‍ സ്‌പേസ് ഓറിയന്റഡ് സംഘടനകളിലും പ്രതിരോധ വിഭാഗം രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സയന്‍സില്‍ ബിരുദവും ന്യൂക്ലിയര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ടെക്‌നോളജി ആന്‍ഡ് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പബ്ലിക് പോളിസി ആന്‍ഡ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനില്‍ ജോര്‍ജ് വാഷിങ്‌ടന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
സ്‌പേസ് ടെക്‌നോളജി നയരൂപീകരണ സമിതിയിലെ സജീവ അംഗമായ ഇവര്‍ നാഷനല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഉയര്‍ന്ന അഞ്ച് കമ്മിറ്റികളില്‍ അംഗമായിരിക്കുകയും ചിലത് നയിക്കുകയും ചെയ്‌തിട്ടുണ്ട്.