ചരിത്ര സൂചകമായ ഒട്ടനവധി കാഴ്ചകളാണ് കര്‍ണാടകത്തെ മനോഹരമാക്കുന്നത്. കൂടാതെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും താഴ്വരകളും മലമേടുകളും ഒക്കെയുള്ള കര്‍ണാടക സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. അത്തരത്തില്‍ കര്‍ണ്ണാടകയിലെ ആകര്‍ഷിക്കുന്ന ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് ഇവിടുത്തെ ബീച്ചുകളുടെ സാന്നിധ്യം. വെറും കരയും തീരവും മാത്രമല്ലാതെ അതിനേക്കാളധികം കാഴ്ചകള്‍ ഇവിടെയുണ്ട്.
ഗോകര്‍ണ്ണ
ബീച്ച് യാത്രകള്‍ ഹരമായിട്ടുള്ളവരുടെയും ബീച്ച് ട്രക്കിങ്ങിന്റെയും രസമറിഞ്ഞിട്ടുള്ളവര്‍ എപ്പോഴും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗോകര്‍ണ്ണ. അന്താരാഷ്ട്ര സഞ്ചാരികളടക്കമുള്ളവര്‍ സ്ഥിരം എത്തിച്ചേരുന്ന ഇവിടം ക്ഷേത്രങ്ങളുടെ പേരില്‍കൂടി അറിയപ്പെടുന്ന സ്ഥലമാണ്. ഇവിടുത്തെ മഹാബലേശ്വര്‍ ക്ഷേത്രം കര്‍ണ്ണാടകയിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന സ്ഥലം എന്ന നിലയില്‍ ഇലിടെ ഒട്ടേറെ ചരിത്രാന്വേഷികളും എത്താറുണ്ട്.
കര്‍വാര്‍ ബീച്ച്
അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന കര്‍വാര്‍ ബീച്ച് ആര്‍ക്കും അത്ര പെട്ടന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒരിടമാണ്. കൃഷിയും മത്സ്യബന്ധനവും ഒക്കെയായി കഴിഞ്ഞു പോകുന്ന ഇവിടുത്തെ ഗ്രാമീണരുടെ ജീവിതം തന്നെ നിറമുള്ള കാഴ്ചയാണ്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന ഈ നഗരത്തില്‍ അന്നത്തെ ഭരണത്തിന്റെ ശേഷിപ്പുകള്‍ ഇന്നും കാണാന്‍ സാധിക്കും. ഒരു ബീച്ച് ടൗണ്‍ എന്ന നിലയില്‍ പ്രകൃതിയെ അതേപടി മാലിന്യങ്ങള്‍ ഒന്നും ഇല്ലാതെ കാണാന്‍ സാധിക്കും. ടാഗോര്‍ ബീച്ച്, മജാലി ബീച്ച്,സദാശിവ്ഗഡ് കോട്ട, മാരിടൈം മ്യൂസിയം, അന്‍ഷി ദേശീയോദ്യാനം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു കാഴ്ചകള്‍.
മംഗളൂര്‍
ഒറ്റ ദിവസം കൊണ്ട് കൊണ്ട് കടലും കൊട്ടാരവും പൂന്തോട്ടങ്ങളും ബീച്ചും മ്യൂസിയവും വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും ഒക്കെ കണ്ട് ഒരു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കണോ..എങ്കില്‍ അതിനു പറ്റിയ സ്ഥലമാണ് മംഗലാപുരം എന്ന മാംഗളുരു. കര്‍ണ്ണാടകയുടെ കവാടം എന്നറിപ്പെടുന്ന ഇവിടം ബീച്ചുകള്‍ക്കാണ് ഏറെ പ്രശസ്തമായിരിക്കുന്നത്. പനമ്ബൂര്‍ ബീച്ച്, സോമേശ്വര്‍ ബീച്ച്, മുക്കാ ബീച്ച്, ഉള്ളാല്‍ ബീച്ച് തുടങ്ങിയവയാണ് ഇവിടെ കടലിന്റെ സൗന്ദര്യം തേടിവരുന്ന സ‍്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങള്‍.
ഭട്കല്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം ഒളിഞ്ഞു കിടക്കുന്ന നാടാണ് ഭട്കല്‍. ഹിന്ദു വിശ്വാസികളും ജൈന വിശ്വാസികളും ഒരു പോലെ ആരാധിക്കുന്ന ഒട്ടേറെ പുണ്യ സ്ഥലങ്ങളും കര്‍ണ്ണാടകയിലെ ഈ സ്ഥലത്തുണ്ട്. ഭട്കലിനോട് ചേര്‍ന്നു കിടക്കുന്ന മുരുഡേശ്വര്‍ എന്ന തീരദേശ തീര്‍ഥാടന കേന്ദ്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ആയിരക്കണക്കിന് വിശ്വാസികള്‍ ഓരോ ദിവസവും സന്ദര്‍ശിക്കുന്ന ഇവിടെ ക്ഷേത്രങ്ങള്‍ കൂടാതെ ബീച്ചും കാണാം.
ഉഡുപ്പി
കര്‍ണ്ണാടകയിലെ ക്ഷേത്രനഗരമാണ് ഉഡുപ്പി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും മാലിന്യം ഒട്ടും ഏല്‍ക്കാത്ത തീരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തേടിയെത്തുന്ന തീര്‍ഥാടകരും ഒക്കെ ചേരുന്ന ഈ നഗരം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ്. പഴമ ഇഷ്ടപ്പെടുന്നവരെയും പുതുമയില്‍ താല്പര്യമുള്ളവരെയും ഒരുപോലെ ചേര്‍ത്തു നിര്‍ത്തുന്ന ഇവിടെ എത്തുന്ന ആളുകള്‍ എല്ലാം കൊണ്ടും സുരക്ഷിതര്‍ കൂടിയാണ്.