ബിവറേജസ് കോര്‍പ്പറേഷനില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേടുകളാണ്. കോര്‍പ്പറേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന കണ്ടെത്തലാണ് പല ജില്ലകളില്‍നിന്നുമുള്ളത്.
ഏപ്രില്‍ 29നാണ് സംസ്ഥാന വ്യാപകമായി ബിവറേജസ് വില്‍പ്പനശാലകളില്‍ പരിശോധന നടന്നത്. പല വില്‍പ്പനശാലകളിലും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. കേന്ദ്രീകൃത കംപ്യൂട്ടര്‍ സംവിധാനമോ ചിട്ടയോ ഇല്ലാതെ കുത്തഴിഞ്ഞ രീതിയിലാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.
കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍, കുറഞ്ഞനിരക്കില്‍ സര്‍ക്കാര്‍ ഡിസ്റ്റിലറിയില്‍നിന്ന് വില്‍ക്കുന്ന മദ്യമായ ജവാന്‍ ചോദിച്ചാല്‍ പലപ്പോഴും ഇല്ലെന്നാവും മറുപടി. മറ്റേതെങ്കിലും കൂടിയ വിലയ്‌ക്കുള്ള മദ്യമാണുള്ളതെന്ന് ജീവനക്കാര്‍ അറിയിക്കും. മദ്യപരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ മാറ്റിവെച്ച് കമ്മിഷന്‍ വാങ്ങി വന്‍ ക്രമക്കേടാണ് എല്ലാ ജില്ലയിലും നടക്കുന്നത്. തൂപ്പുകാര്‍ക്കുമുതല്‍ ഉന്നതങ്ങളില്‍വരെ ഇതിന്റെ വിഹിതം പോവുന്നുണ്ടെന്ന് വിജിലന്‍സിനും ബോധ്യപ്പെട്ടു.
ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങളില്‍ ബില്ലടിക്കാനുള്ള യന്ത്രത്തിന്റെ വില ഏകദേശം 16,000 രൂപ മാത്രമാണ്. മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും സര്‍വീസ് നടത്തണം. ഇതിനായി 5000 രൂപ മുടക്കുന്നു. വര്‍ഷം ഒരു യന്ത്രത്തിനുമാത്രം ഈ ഇനത്തില്‍ ചെലവാകുന്നത് 60,000 രൂപ.
270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. പലയിടത്തും രണ്ടും മൂന്നും ബില്ലിങ് മെഷീനുണ്ട്. ഇതിനെല്ലാമായി സര്‍വീസ് ചെയ്യാന്‍മാത്രം കോടികളാണത്രേ ചെലവഴിക്കുന്നത്.
വിദേശനിര്‍മിത വിദേശമദ്യ വില്‍പ്പന തുടങ്ങിയതോടെ വീണ്ടും മെഷീന്‍ വാങ്ങി. ബിയര്‍, വൈന്‍, പ്രീമിയം എന്നിങ്ങനെയുള്ള മെഷീനില്‍ വിദേശനിര്‍മിത വിദേശമദ്യംകൂടി ചേര്‍ക്കാനാവില്ലെന്ന് പറഞ്ഞാണ് പുതിയ 180 എണ്ണംകൂടി വാങ്ങിയത്. ഇതില്‍ ക്രമക്കേടുണ്ടെന്നാണ് വിവരം.
കോര്‍പ്പറേഷന് 180 പ്രീമിയം കൗണ്ടറുകളുണ്ട്. ഇവിടെയെല്ലാം ഓണ്‍ലൈനായി പണമടയ്‌ക്കാനായി സൈ്വപ്പിങ് യന്ത്രവുമുണ്ട്. ഇത് ഉപയോഗിക്കുന്നത് അപൂര്‍വമാണ്. പലയിടത്തും പണം നേരിട്ട് വാങ്ങുകയാണ്. മിക്കയിടത്തും വൈകീട്ട് കച്ചവടം കഴിഞ്ഞ് ബില്ലടിച്ചുചേര്‍ക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. വന്‍തോതില്‍ പണം തിരിമറി നടത്താന്‍ ഇത് കാരണമാകുമെന്നാണ് വിജിലന്‍സിന്റെ മുന്നറിയിപ്പ്.
നാനൂറിലധികം തസ്‌തികയില്‍ ഒഴിവുണ്ടായിട്ടും നികത്താന്‍ പി.എസ്.സി.നടപടി വൈകുകയാണ്. ഹെല്‍പ്പര്‍ തസ്‌തികയിലാണ് ഇത്രയധികം ഒഴിവുകള്‍. ആളില്ലാത്തതിനാല്‍ വില്‍പ്പനയ്‌ക്കും ലേബലൊട്ടിക്കുന്നതിനുമെല്ലാം തടസ്സം നേരിടുന്നു. വില്‍പ്പനശാലകളിലെല്ലാം സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതെത്തുന്നതോടെ പല ക്രമക്കേടും പരിഹരിക്കാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.