പി.പി. ചെറിയാന്‍
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസ് എക്കണോമിക് പോളിസി ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ 21ന് പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ഭാരത് രാമമൂര്‍ത്തിയെ നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.
റൂസ് വെല്‍റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പവര്‍ പ്രോഗ്രാം മാനേജിംഗ് ഡയറക്ടറായാണ് രാമമൂര്‍ത്തി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സെനറ്റര്‍ എലിസബത്ത് വാറന്റെ മുന്‍ എയ്‌ഡ് കൂടിയായിരുന്നു.
തമിഴ് നാട്ടില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ രവി രാമമൂര്‍ത്തിയുടെ മകനാണ് ഭാരത് രാമമൂര്‍ത്തി. രവി രാമമൂര്‍ത്തി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, യേല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ യൂണിവേഴ്‌സിറ്റികളിലാണ് ഭാരത് രാമമൂര്‍ത്തി പഠനം പൂര്‍ത്തീകരിച്ചത്.
നിയമപഠനം പൂര്‍ത്തിയാക്കിയശേഷം ബോസ്റ്റണില്‍ റെഡ് സോക്‌സ് ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ആദ്യമായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബൈഡന്‍ ടീമില്‍ ഭാരത് രാമമൂര്‍ത്തിയുടെ നിയമനത്തോടെ ഇന്ത്യന്‍ വംശജരുടെ എണ്ണം 25ലേറെയായി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരീസിന്റെ സ്വാധീനം ഈ നിയമനങ്ങളില്‍ നിഴലിച്ചുകാണുന്നു.