• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക്‌ അനുമതി

മലബാറിലെ പ്രവാസികള്‍ക്ക്‌ ആശ്വാസമായി കോഴിക്കോട്ടേക്ക്‌ വലിയ വീമാനങ്ങള്‍ക്ക്‌ അനുമതി. ഇന്ത്യന്‍ ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കഴിഞ്ഞ ദിവസമാണ്‌ കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഡ്‌ ഇ ഗണത്തില്‍പെടുന്ന വിമാനങ്ങള്‍ക്ക്‌ സര്‍വീസ്‌ അനുമതി നല്‍കിയത്‌. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ്‌ ഡല്‍ഹിയിലെ ഡി ജി സി എ ആസ്ഥാനത്ത്‌ നിന്ന്‌ കോഴിക്കോട്‌ വിമാനത്താവള ഡയറക്ടര്‍ക്ക്‌ ലഭിച്ചു. മലബാര്‍ ഡവലപ്‌മെന്റ്‌ ഫോറം, യു എ ഇയിലെ പ്രവാസി സംഘടനകള്‍ തുടങ്ങിയവയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ്‌ ഡി ജി സി എയുടെ അനുമതി.

കോഡ്‌ ഇ ഗണത്തില്‍ പെടുന്ന ബോയിങ്‌ 777 300 ഇ ആര്‍, ബോയിങ്‌ 777 200 എല്‍ആര്‍, ബോയിങ്‌ 7878 ഡ്രീംലൈനര്‍, ബോയിങ്‌ 747 400 ജംബോ, എയര്‍ബസ്‌ 330 200 എന്നീ വിമാനങ്ങള്‍ക്കാണ്‌ സര്‍വീസ്‌ അനുമതി നല്‍കിയിട്ടുള്ളത്‌. എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്‌, എമിറേറ്റ്‌സ്‌ എന്നീ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ അനുമതി.

പുനര്‍വിന്യാസത്തിലൂടെ ആഴ്‌ചയില്‍ 2500 സീറ്റുകള്‍ ലഭ്യമാക്കിയാല്‍ എമിറേറ്റ്‌സ്‌ സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ നേരത്തെ അറിയിച്ചിട്ടുണ്ട്‌. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ യു എ ഇയില്‍ നടത്തിയ പര്യടനത്തില്‍ എമിറേറ്റ്‌സ്‌ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ്‌ എമിറേറ്റ്‌സ്‌ ഇക്കാര്യം അറിയിച്ചിരുന്നത്‌. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ കാര്‍പെറ്റിങ്‌ ആരംഭിച്ച ഘട്ടത്തില്‍ എമിറേറ്റ്‌സിന്‌ കോഴിക്കോട്ടേക്ക്‌ അനുവദിച്ചിരുന്ന സീറ്റുകള്‍ ഇന്ത്യയിലേക്കുള്ള മറ്റ്‌ സര്‍വീസുകള്‍ക്കായി വീതിച്ചു നല്‍കുകയായിരുന്നു.

Top