• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യയെ നോക്കൂ; പഠിക്കാന്‍ ഏറെ, പ്രശംസിച്ച്‌ ബില്‍ ഗേറ്റ്‌സ്‌

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളെ പ്രശംസിച്ച്‌ മൈക്രോസോഫ്‌റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്‌. സിങ്കപ്പൂര്‍ ഫിന്‍ടെക്‌ ഫെസ്റ്റിവലിന്റെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച്‌ പഠിക്കാനാഗ്രഹിക്കുന്നവരോട്‌ ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട്‌ നിരോധനത്തോടെ ഇന്ത്യയില്‍ സാര്‍വത്രികമായ ഡിജിറ്റല്‍ പണമിടപാട്‌ രീതികളെയും ആധാറിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായപ്രകടനം.

ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക്‌ ഡേറ്റാബേസും ബാങ്കുകള്‍ തമ്മിലോ, അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുള്‍പ്പടെ ആഗോള തിരിച്ചറിയലിനും ഡിജിറ്റല്‍ പേമെന്റിനുമായി ഇന്ത്യ ഉത്‌കര്‍ഷേച്ഛയുളള വേദികള്‍ നിര്‍മിച്ചിരിക്കുകയാണ്‌. ഇന്ത്യയുടെ ഈ നയങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ സഹായം വിതരണം ചെയ്യുന്നതിനുളള ചെലവ്‌ ഗണ്യമായി കുറച്ചു, പ്രത്യേകിച്ച്‌ മഹാമാരിയുടെ സമയത്ത്‌. ഞെട്ടിക്കുന്ന കാര്യങ്ങളാണ്‌ അവിടെ നടക്കുന്നത്‌, ആ വ്യവസ്ഥിതിക്ക്‌ ചുറ്റുമുളള നവീകരണങ്ങള്‍ അസാധാരണമാണ്‌. ബില്‍ ഗേറ്റ്‌സ്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു മികച്ച മാതൃകയാണ്‌. ഓപ്പണ്‍സോഴ്‌സ്‌ സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ സമാനമായ വ്യവസ്ഥിതികള്‍ അവതരിപ്പിക്കാന്‍ മതിയായ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്ത മറ്റുരാജ്യങ്ങളെ തങ്ങളുടെ സംഘടന സഹായിച്ചുവരികയാണെന്നും ബില്‍ ഗേറ്റ്‌സ്‌ കൂട്ടിച്ചേര്‍ത്തു.

Top