ലൈംഗിക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍വിട്ടു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനുപിന്നാലെ ബിനോയ് കോടിയേരി മുംബൈയിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതി ഉത്തരവനുസരിച്ച് ബിനോയിയെ ജാമ്യത്തില്‍ വിട്ടു. ബുധനാഴ്‌ച രാത്രി ബിനോയ് മുംബൈയില്‍ എത്തിയിരുന്നെന്നാണു സൂചന. തിങ്കളാഴ്‌ച ബിനോയിയെ പൊലീസ് ചോദ്യം ചെയ്‌തേക്കും.
വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ അഭിഭാഷകനൊപ്പമാണു പൊലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ജാമ്യരേഖകളില്‍ ഒപ്പിട്ടു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയതായി ഓഷിവാര പൊലീസ് അറിയിച്ചു. മുംബൈ ദിന്‍ഡോഷി കോടതി കര്‍ശന ഉപാധികളോടെയാണു കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്‌ക്ക് തയാറാകണമെന്നും കോടതി നിര്‍ദേശമുണ്ട്.
യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചു. യുവതി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്റെ വാദംകേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന ബിഹാര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്‌തത്.