തനിക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിക്കെതിരെ ബിനോയ് കോടിയേരി. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരില്‍ തനിക്കു മകനില്ലെന്നും ഏപ്രില്‍ 12ന് കണ്ണൂര്‍ ഐജിക്കു നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെയാണു പരാതി. ഈ വ്യക്തികള്‍ ചേര്‍ന്ന് 2018 ഡിസംബര്‍ 31ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയില്‍ പറയുന്നു.
യുവതിയുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്. കുറ്റകൃത്യത്തില്‍ ഇയാള്‍ക്കും തുല്യ പങ്കുണ്ട്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബര്‍ 18ന് യുവതിയെ താന്‍ വിവാഹം ചെയ്‌തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്‌മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താന്‍ ഒപ്പിട്ടെന്നും ആരോപിക്കുന്നു. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ സ്വീകരിക്കുമെന്നാണു ഭീഷണി. യുവതിയെ വിവാഹം കഴിച്ചെന്നതും അവരില്‍ തനിക്കൊരു മകനുണ്ടെന്നതും തെറ്റായ കാര്യമാണ്. സംയുക്ത സത്യവാങ്‌മൂലത്തില്‍ ഞാനൊപ്പിട്ടു എന്നതും വ്യാജമാണ്. സത്യവാങ് മൂലത്തില്‍ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27ന് കൊച്ചി വിമാനത്താവളത്തില്‍നിന്നു ദുബായിലേക്കു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു.
സത്യവാങ്‌മൂലം തയാറാക്കിയതായി യുവതി പറയുന്ന പബ്ലിക് നോട്ടറി, താന്‍ അതില്‍ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോട്ടറി റജിസ്റ്ററില്‍ സംയുക്ത സത്യവാങ്‌മൂലം ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.