ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ എത്തി യുവതി മൊഴി നല്‍കി. ബിനോയിയും യുവതിയും ഫ്‌ളാറ്റിലും ഹോട്ടലിലും ഒരുമിച്ചു താമസിച്ചിരുന്നതായി വിവരം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പത്തുദിവസത്തിനുളളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു. ബിനോയി കോടിയേരി യുവതിക്കെതിരെ നല്‍കിയ പരാതി തങ്ങളുടെ അന്വേഷണ പരിധിയില്‍ അല്ലെന്നും മുംബൈ പോലീസ് പ്രതികരിച്ചു.
ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് ഇതുവരെ സാധിച്ചില്ല. കണ്ണൂരിലെത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനോയ്‌ക്ക് നോട്ടിസ് നല്‍കിയിരുന്നു. തലശേരിയിലെ വീട്ടിലെത്തിയാണ് നോട്ടിസ് നല്‍കിയത്. ഒളിച്ചുകളി തുടരുന്നതിനാല്‍ കടുത്ത നടപടികളിലേക്ക് മുംബൈ പൊലീസ് നീങ്ങും.
ബിനോയിയെ കണ്ടെത്തുന്നതടക്കമുള്ള കേസിന്റെ തുടര്‍ നടപടികള്‍ക്ക് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുത് എന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ മുംബൈയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഇന്നലെ കണ്ണൂര്‍ എസ്‌പിയുമായി കൂടിക്കാഴ്‌ച നടത്തിയ മുംബൈ പൊലീസ് ബിനോയിയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.