പീഡനക്കേസില്‍ ബിനോയ് കോടിയേരിയെ തേടി മുംബൈ പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തി. പരാതിക്കാരി ബിനോയിയുടേതായി നല്കിയ വിലാസങ്ങളില്‍ ഒന്ന് എകെജി സെന്ററിന്റെ ഭാഗമായ ഫ്ലാറ്റാണ്. ഇവിടെ പരിശോധന നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണെന്ന മറുപടിയാണ് കേരള പൊലീസ് നല്‍കിയത്.
തുടര്‍ന്ന് ഫ്ലാറ്റിരിക്കുന്ന സ്ഥലം സന്ദര്‍ശിച്ചശേഷം സംഘം മടങ്ങി. മുംബൈ പൊലീസിന്റെ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്കിയ നിര്‍ദേശം. മുംബൈ പൊലീസിന്റെ സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിന്റെ പ്രതികരണം.
ബിനോയ് കോടിയേരിക്കെതിരെ മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ബിനോയ് യുവതിക്കൊപ്പം മുംബൈയില്‍ താമസിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓഷിവാര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും കണ്ണൂരെത്തിയത്. ബിനോയിയുടെ കോടിയേരിയിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.