കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയാകും. ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി തീരുമാനിച്ചു.
ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഏക ഉപദേശ്‌ടാവായിരിക്കും സിഡിഎസ്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറെന്ന ബഹുമതി ഇതോടെ ജനറല്‍ റാവത്ത് സ്വന്തമാക്കി.
കരസേനാ മേധാവി സ്ഥാനത്ത് നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് ബിപിന്‍ റാവത്തിനെ തേടി പുതിയ പദവി എത്തുന്നത്. ചീഫ് ഓഫ ഡിഫന്‍സ് സ്റ്റാഫ് പദവിയില്‍ അദ്ദേഹത്തിന് 65 വയസ്സ് വരെ തുടരാനാകും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് പരമാവധി 65 വയസ്സ് വരെ സേവനമനുഷ്‌ഠിക്കാന്‍ കഴിയുന്ന വിധത്തില്‍ കര, വ്യോമ, നാവിക സേനാ നിയമങ്ങളില്‍ പ്രതിരോധ മന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു.
ഡിസംബര്‍ 31 ന് ജനറല്‍ റാവത്ത് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഭേദഗതി വന്നത്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയോ 62 വയസ്സ് തികയുകയോ ചെയ്യുന്നതാണ് കരസേനാ മേധാവിയുടെ വിരമിക്കല്‍ പ്രായം. റാവത്തിന് ഇതുവരെ 62 വയസ്സ് തികഞ്ഞിട്ടില്ലെങ്കിലും, ആര്‍മി ചീഫ് ആയി മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിനാലാണ് അദ്ദേഹം വിരമിക്കുന്നത്.