കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി. കേസന്വേഷിക്കുന്ന പോലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമം അട്ടിമറിക്കുകയാണെന്നും,അറസ്റ്റ് മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി പ്രതികരിച്ചു.
കൂടാതെ സര്‍ക്കാര്‍ സ്ത്രീകളെ നീതി ലഭിക്കാന്‍ തെരുവിലിറക്കുകയാണെന്നും അഗസ്റ്റിന്‍ വട്ടോലി പ്രതികരിച്ചു. ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും നടന്നിട്ടും അറസ്റ്റ് ഉണ്ടാകാത്തതിലാണ് സമരസമിതി പ്രതിഷേധം അറിയിച്ചത്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ദിവസവും 24 മണിക്കൂര്‍ അഞ്ച് സ്ത്രീകള്‍ നിരാഹാരസമരം നടത്തുമെന്നും സമരസമിതി അറിയിച്ചു. എന്നാല്‍ പോലീസ് പറയുന്നത് മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ എന്നാണ്. പോലീസ് നടപടിക്കെതിരെ പന്തംകൊളുത്തി പ്രകടനം നടത്തിയാണു സമരക്കാര്‍ പ്രതിഷേധിച്ചത്.