സാഹോദര്യസ്‌നേഹത്തിന്റെ പട്ടണമായ ഫിലഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 20-ാമത് ഭദ്രാസന കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടന ചടങ്ങില്‍ വച്ച് അഭിവന്ദ്യ ഐസക് മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ എപ്പിസ്‌കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. പ്രകൃതിരമണീയമായ പെന്‍സല്‍വാനിയായുടെ നയാഗ്രാ എന്നറിയപ്പെടുന്ന ബുഷ്‌കില്‍ ഫോള്‍സിനെ അരികിലുള്ള ബുഷ്‌കില്‍ ഇന്‍ റിസോര്‍ട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.
അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഏകദേശം 670ല്‍ പരം യുവതീയുവാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് ആഘോഷം നടന്നത്. അടൂര്‍ - മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് തിരുമേനി നിരവധി പട്ടക്കാരുടെയും സാന്നിദ്ധ്യവും ചടങ്ങില്‍ മാറ്റുകൂട്ടി. ക്രിസ്‌തോസ് യുവജനസഖ്യത്തിലെ കുട്ടികള്‍ കേരളത്തിലെ ക്രിസ്‌ത്യാനികള്‍കളുടെ പരമ്പരാഗത വേഷത്തില്‍ ഇന്ത്യയിലെ നിര്‍ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സഹായത്തിനുള്ള തുക തിരുമേനിക്ക് കൈമാറി. ഫിലക്‌സിനോസ് തിരുമേനി കേക്ക് മുറിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‌കികൊണ്ട് സന്തോഷം പങ്കുവച്ചു.
അഭിവന്ദ്യ ഐസക് മാര്‍ ഫീലക്‌സിനോസ് തിരുമേനി 1993 ഒക്‌ടോബര്‍ രണ്ടാം തീയതി മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പയായി, അഭിവിന്ദ്യ തോമസ് മാര്‍ തിമൊറഥായൊസ് എപ്പിസ്‌കോപ്പായോടും, അഭിവന്ദ്യ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പായോടും ഒപ്പം അഭിഷേകം ചെയ്യപ്പെട്ടു. അഭിവന്ദ്യ ഫീലക്‌സിനോസ് തിരുമേനി പ്രമുഖ വേദശാസ്‌ത്ര പണ്‌ഡിതനും, ദീര്‍ഘവീക്ഷണത്തോടെ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമാണ്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടവരുടെ പുനരുദ്ധാരണത്തിനുവേണ്ടിയുള്ള അക്ഷീണ പരിശ്രമം ബോംബെയിലെ നവജീവന്‍ സെന്ററിന്റെ തുടക്കം കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കും.
ഭദ്രാസനത്തിന്റെ ലൈറ്റ് ടു ലൈഫ് പ്രവര്‍ത്തനത്തില്‍ കൂടി ഇന്ത്യയിലെ നിര്‍ധനരായ ഏകദേശം 5000ല്‍ അധികം കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായം ലഭിക്കുന്നു. ഇത് തിരുമേനിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മറ്റൊരുദാഹരണം മാത്രം. രണ്ടു പ്രാവശ്യം സെറാസൂര്‍ സെനറ്റിന്റെ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള തിരുമേനി, രണ്ടു പ്രാവശ്യം വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെന്റര്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാര്‍ത്തോമ്മാ സഭാ മക്കള്‍ക്ക് എക്കാലവും അഭിമാനിക്കുവാന്‍ വക നല്‌കുന്ന അറ്റ്‌ലാന്റയിലുള്ള കര്‍മ്മേല്‍ സെന്റര്‍ തിരുമേനിയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സാദ്ധ്യമായതാണ്.
അഭിവന്ദ്യതിരുമേനിയുടെ 25 വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സഞ്ചാരം എന്ന സുപരിചിതമായ യാത്രാ വിവരണത്തിന് ശബ്‌ദം നല്‌കിയ അനീഷ് പുന്നനാണ്‌ഈ ഡോക്യുമെന്ററിക്ക് ശബ്‌ദം നല്‌കിയത്. ക്രിസ്‌തോസ് യുവജനസഖ്യം പ്രസിഡന്റ് റവ. അനീഷ് തോമസ് തോമസ് സില്‍വര്‍ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ചടങ്ങിനെ എം.സിമാരായി ശ്രീ പ്രിന്‍സ് ജോണും, സ്‌നേഹ അലനും പ്രവര്‍ത്തിച്ചു.