• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരള മുഖ്യമന്ത്രിയുടേത്‌ ഏകാധിപതിയുടെ സ്വരം

ഒരു തുറന്ന കത്ത്‌
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ അറിയുന്നതിന്‌,
ബഹു. മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത്‌ നടന്ന സമ്മളനത്തില്‍ ക്ഷണപ്രകാരം പങ്കെടുത്ത മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലബാര്‍ ഭദ്രാസന സെക്രട്ടറി അച്ചന്റെ ചോദ്യങ്ങള്‍ക്കു പരസ്യമായും, കരുതി കൂട്ടിയും നല്‍കിയ മറുപിടിയാണ്‌ ഈ എഴുത്തിനു എന്നെ പ്രേരിപ്പിച്ചത്‌ ... ആനുകാലിക പ്രസക്‌തവും, അടിയന്തിര പ്രാധന്യവും ആയ പല വിഷയങ്ങള്‍ പലരും അവിടെ ഉന്നയിച്ചപ്പോള്‍ അതില്‍ നിന്ന്‌ ഒക്കെ ബോധ പൂര്‍വ്വം സമയക്കുറവ്‌ ന്യായം പറഞ്ഞു ഒഴിഞ്ഞു മാറിയ ബഹു. മുഖ്യമന്ത്രി മുന്‍കൂട്ടി കരുതി വെച്ചതുപോലെ സഭയുടെ കാര്യത്തില്‍ മറുപിടി പറയാന്‍ സമയം എടുത്തത്‌ നന്മ മനസ്സ്‌ ആണ്‌ എന്ന്‌ ചിന്തിക്കുവാന്‍ പ്രയാസമാണ്‌ ...

തനിക്കു ഓശാന പാടാത്ത പുരോഹിതന്മാരെ പരസ്യമായി അവഹേളിച്ചക്കുന്നത്‌ ഹരമാക്കിയ ശ്രി പിണറായി വിജയനില്‍ നിന്നും മറ്റൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല .. എന്നാല്‍ പ്രബുദ്ധരായ ഒരു സമൂഹത്തിന്റെ നായക സ്ഥാനം വഹിക്കുന്ന ആള്‍ എന്ന നിലയില്‍ മുഖ്യ മന്ത്രിയുടെ പെരുമാറ്റം പദവിക്ക്‌ നിരക്കാത്തതും , പക്ഷപാതപരവും ആയിരുന്നു .. അതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു

ബഹു. മുഖ്യ മന്ത്രിയുടെ വികാര പരമായ മറുപിടിയില്‍ നിന്നും മലങ്കര സഭ തര്‍ക്കത്തെ സംബന്ധിച്ചു താങ്കള്‍ ഇതുവരെ ഒന്നും മനസ്സില്‍ ആകിയിട്ടില്ല എന്ന്‌ പൊതുജനത്തിനു, സഭാ വിശ്വാസികള്‍ക്കും ബോധ്യമായി ... മുഖ്യമന്ത്രി സഭ വിഷയം നന്നായി പഠിച്ചിട്ടുണ്ട്‌ എന്ന ഞങ്ങള്‍ക്ക്‌ ഉള്ള ധാരണ തെറ്റുധാരണ ആയിരുന്നു എന്ന്‌ ബോധ്യപ്പെടുത്താന്‍ മലപ്പുറം സമ്മളനം മൂലം ഇടയായി എന്നതിനാല്‍ അതിന്റെ സംഘാടകരെ അഭിനന്ദിക്കുന്നു ..
ഇനി ബഹു. മുഖ്യമന്ത്രി ശരിയായി ബോധ്യം ഇല്ലാതായോ അല്ലങ്കില്‍ ബോധ്യം ഉണ്ടായിട്ടും പരുന്ത്‌ പോലും പറക്കാത്ത സമ്മര്‍ദ്ദം ഉള്ളത്‌ കൊണ്ടോ തെറ്റായി പ്രചരിപ്പിക്കുവാന്‍ ശ്രമിച്ച വിഷയങ്ങള്‍ എടുത്ത്‌ പറയട്ടെ

1) സമവായ ചര്‍ച്ചകളെ സംബന്ധിച്ച്‌.
ചര്‍ച്ചയില്‍ കൂടി ഈ വിഷയം പരിഹരിക്കാം , കോടതി വ്യവഹാരം നമുക്ക്‌ ആവശ്യം ഉണ്ടോ ? എന്ന്‌ ആദ്യം ചോദിച്ചത്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയാണ്‌ സാര്‍ ... 1958 മുതല്‍ ഉള്ള ചരിത്രം പരിശോദിച്ചാല്‍ പോലും മലങ്കര ഓര്‍ത്തഡോക്‌ള്‍സ്‌ സഭക്ക്‌ അനുകൂലമായി വിധികള്‍ വന്നിട്ടും സമവായത്തിലൂടെ ഒന്നായി ഒരു സഭ എന്ന്‌ പറയുവാന്‍ ആണ്‌ വി. സഭ ആഗ്രഹിച്ചതും , ശ്രമിച്ചതും , കോടതി ചിലവ്‌ ഉള്‍പ്പടെ നല്‌കാന്‍ വിധി വന്നപ്പോഴും 'എന്റെ മക്കള്‍ ' എന്ന പിതൃ തുല്യമായ വികാരമാണ്‌ വി. മാര്‍ത്തോമ്മ സിംഹാസനത്തില്‍ നിന്ന്‌ ഉണ്ടായത്‌.. . 12 വര്‍ഷം വരെ മാര്‍ത്തോമയുടെ പൈത്യകത്തിന്റെ സ്‌നേഹം അനുഭവിച്ചു കാത്തിരുന്നവര്‍ ഏകപക്ഷീയമായി സ്വാര്‍ത്ഥ താല്‌പര്യത്തിനായി മാറി പോയതിനു മലങ്കര ഓര്‍ത്തഡോക്‌ള്‍സ്‌ സഭ എങ്ങനെ കുറ്റക്കാര്‍ ആകും ... സമവായ ചര്‍ച്ചകളോടു മുഖം തിരിച്ചവര്‍ അവശ്യ പ്പെട്ടത്‌ കോടതിയില്‍ ആണ്‌ ഞങ്ങക്ക്‌ വിശ്വാസം എന്നാണ്‌ .. പിന്നീട്‌ ബഹു . സുപ്രീം കോടതി നിയമിച്ച നിരീക്ഷകനെ , ചിലവ്‌ തുക വീതം കെട്ടി വെച്ച ശേഷം ഏകപക്ഷീയമായി ബഹിഷ്‌കരിച്ചു ... ബഹു. മുഖ്യ മന്ത്രിയുടെ അറിവിലേക്ക്‌ പറയട്ടെ അങ്ങ്‌ റിട്ട. ജഡ്‌ജി യെ അന്വഷിക്കുന്നതിന്‌ വളരെ മുമ്പേ വി. സഭ അത്‌ നടപ്പാക്കാന്‍ ശ്രമിച്ചത്‌ ആണ്‌ .. ഇവിടെ ആരാണ്‌ ചര്‍ച്ചകള്‍ ഒഴിവാക്കിയത്‌ .. കോടതിയില്‍ മാത്രമാണ്‌ ശ്വാസം എന്ന്‌ വാശി പിടിച്ചപ്പോള്‍ അതും സമാധാനം ഓര്‍ത്ത്‌ വി.സഭ സമ്മതിച്ചു .. മനസില്ല മനസോടെ കോടതിയില്‍ പോയി .. അവസാനം 2015 വിധി വന്നു . അത്‌ എതിരായപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നത്‌ വ്യക്തമല്ല എന്ന്‌ പറഞ്ഞു അപ്പീലിന്‌ പോയി .. അതും മലങ്കര ഓര്‍ത്തഡോസ്‌ സഭ അംഗീകരിച്ചു .. പിനീട്‌ 2017 വിധി സഭക്ക്‌ അനുകൂലം ആയപ്പോള്‍ വീണ്ടും ചര്‍ച്ച എന്ന്‌ പറയുന്നത്‌ സാമാന്യ ബിദ്ധിക്കു നിരക്കുന്നത്‌ ആണോ.?. എന്നിട്ടും ഓര്‍ത്തോഡോക്‌സ്‌ സഭ അതിനു അനുകൂലിച്ചു അങ്‌ വിളിച്ചപ്പോള്‍ വന്നില്ലേ ?.. പിന്നെ കേരള മുഖ്യ മന്ത്രി ബഹു. സുപ്രീം കോടതിക്ക്‌ മുകളില്‍ ഉള്ള കോടതി അകാന്‍ ശ്രമിക്കുമ്പോള്‍ അത്‌ കൈയും കെട്ടി ഓച്ഛാനിച്ചു നിന്നും കേള്‍ക്കുവാന്‍ ഇത്‌ സര്‍ സി.പി യുടെ ഭരണ കാലം ഒന്നും അല്ലാലോ .. അങ്ങയുടെ പ്രസ്‌താവനയില്‍ കൂടി അങ്ങേക്ക്‌ ഈ വിഷയത്തില്‍ ഉള്ള പക്ഷപാതപരമയായ താല്‌പര്യം കൂടി ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്‌ .. അത്‌ കൊണ്ട്‌ തന്നെ അങ്ങയുടെ സമാധാന ശ്രമങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ സംശത്തോടു കൂടി മാത്രമാണ്‌ വീക്ഷിക്കുന്നത്‌ ...

2) ശവ സംസ്‌ക്കാരം സംബന്ധിച്ച്‌ ...
ബഹു . മുഖ്യ മന്ത്രി ഈ അടുത്ത കാലത്ത്‌ കണ്ട ശവസംസ്‌കാര നാടകം മാത്രമേ ഓര്‍ക്കുന്നോള്ളൂ എന്നത്‌ നിര്‍ഭാഗ്യകരമാണ്‌ .. മലങ്കര ഓര്‍ത്തഡോക്‌ള്‍സ്‌ സഭയുടെ വൈദീകര്‍ക്ക്‌ പോലും യോഗ്യമായ ശവസംക്കാരം ലഭിക്കാത്ത സാഹചര്യം ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്‌ .. അപ്പോള്‍ ഞങ്ങളുടെ വിശ്വാസികള്‍ അനുഭവിച്ച കഷ്ടത പറയാനുണ്ടോ ? വൈദീകരുടെ മൃതശരീരം കൂകി വിളിച്ചു ആക്ഷേപിക്കുന്ന ജനത്തിന്‌ നടുവില്‍ കൂടി അടക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും ലഭ്യമാണ്‌ .. അങ്ങയുടെ സൈബര്‍ സെല്ലില്‍ പറഞ്ഞാല്‍ അതിന്റെ കോപ്പി ലഭിക്കുന്നതാണ്‌ .. അവിടെ അങ്‌ പറഞ്ഞ ആദരവ്‌ ഞങ്ങള്‍ കണ്ടില്ല .. അതിനെ മുഖ്യ മന്ത്രിയും കാണാന്‍ ശ്രമിച്ചില്ല .. എന്നിട്ടും ഞങ്ങള്‍ മൃത ശരീരം അടക്കുവാന്‍ തടസം നിന്നില്ല .. സഭ പറഞ്ഞത്‌ നിയമ പ്രകാരം ഉള്ള വൈദീകന്‍ മുഖ്യ കാര്‍മികത്വം വഹിക്കണം എന്ന്‌ മാത്രമാണ്‌ .. അത്‌ നിയമാണ്‌ .. നിയമം അനുസരിക്കല്‍ പൗരന്‍റെ ധര്‍മ്മം ആണ്‌ എന്ന്‌ വി. സഭ വിശ്വസിക്കുന്നു . കട്ടച്ചിറയില്‍ സംസ്‌കാര നാടകം കാണിച്ചവര്‍ അവിടെ തന്നെ ഉള്ള വൈദീകന്റെ മാതാവിന്റെ ശവസംസ്‌ക്കാരം യാതൊരു തടസവും കൂടതെ നടത്തിയതു ഈ സഭയില്‍ തന്നെയാണ്‌ ..
വസ്‌തുക്കള്‍ ഇങ്ങനെ ആണ്‌ എന്നിരിക്കെ ഇതിനെ എല്ലാം മറന്നു കൊണ്ട്‌ ബഹു. മുഖ്യ മന്ത്രി പുതിയ തിരക്കഥ പരസ്യമാക്കിയപ്പോള്‍ പൊതുവിന്റെ ആള്‍ എന്ന അങ്ങയുടെ മുഖം മൂടി അഴിഞ്ഞു പോയി .. സാമാന്യ ജനത്തിന്റെ പൗരബോധം ആണ്‌ അങ്ങയെ പോലെ ഉള്ളവരെ നാല്‌ ആളുടെ മുമ്പില്‍ എഴുനേറ്റു നില്‍ക്കാന്‍ പ്രാപ്‌തമാക്കുന്നത്‌ എന്ന്‌ ബഹു. മുഖ്യ മന്ത്രി അങ്‌ മറന്നു പോകരുത്‌ ..ആ പൗരബോധം ഇന്നും ഞങ്ങള്‍ക്ക്‌ കൈമോശം വന്നിട്ടില്ല എന്ന്‌ ഞങ്ങളെകാള്‍ അങ്ങേക്ക്‌ എന്നായി മനസ്സില്‍ ആയിട്ടും ഉണ്ട്‌ ...നിങ്ങളുടെ വെള്ള കുപ്പായം മുഴുവന്‍ അഴുക്ക്‌ പുരണ്ടു നിക്കുമ്പോള്‍ ഞങ്ങളെ കുപ്പായത്തിന്റെ മഹത്വം പഠിപ്പിക്കാന്‍ വരുന്നത്‌ മോശമല്ലേ ?

3) ഇടവകകളില്‍ ഭൂരിപക്ഷം അനുസരിച്ചുള്ള വിധി നടത്തിപ്പു സംബന്ധിച്ച്‌
ഇടവകകളിലെ ഭൂരിപക്ഷം നോക്കി വിധി നടത്തണം എന്ന അങ്ങയുടെ കണ്ടു പിടിത്തം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളില്‍ അതിശയമാണ്‌ ഉളവാക്കിയത്‌... രാഷ്രിയത്തില്‍ ഒരു നൂറ്റാണ്ടുകളുടെ പ്രവര്‍ത്തി പരിചയം ഉള്ള അങ്ങേക്ക്‌ നിയമ വ്യവസ്ഥ തീരെ അറിയാതെ തരമില്ലല്ലോ . മലങ്കര സഭ ഒരു ഭാരതീയ സഭയാണ്‌ .. ഇത്‌ ഒരു ദേശീയ സഭ എന്നത്‌ കൊണ്ട്‌ തന്നെ മാറ്റ്‌ ആരെക്കാളും ഇന്ത്യന്‍ ഭരണ വ്യവസ്ഥയോട്‌ ഈ വി. സഭക്ക്‌ കൂടുതല്‍ കൂറും , ഉത്തരവാദിത്വവും ഉണ്ട്‌ .. ഇന്ത്യന്‍ ഭരണഘടനാ നിലവില്‍ വരുന്നതിനു മുമ്പ്‌ തന്നെ ജനാതിപത്യ രീതിയില്‍ മലങ്കരയിലെ പള്ളികളില്‍ ഭരണം നടത്തി ഇന്ത്യന്‍ ജനാധിപത്യത്തിന്‌ തന്നെ മാതൃക കാണിച്ചു കൊടുത്ത ഒരു സഭയെ ജാതിപത്യവും, ഭരണക്രമവും പഠിപ്പിക്കാന്‍ ബഹു. മുഖ്യമന്ത്രി മുതിര്‍ന്നത്‌ കൊല്ല കുടിലില്‍ സൂചി വില്‍ക്കാന്‍ നോക്കിയത്‌ പോലെ ആണ്‌
ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുബ്‌ തന്നെ ഭരണഘടനാ സ്ഥാപിച്ച ഒരു സഭയാണ്‌ മലങ്കര സഭ എന്നത്‌ കേരളത്തിന്‍റെ മുഖ്യമന്ത്രി മറക്കരുത്‌ .. ശാശ്വതമായ സമാധാനമാണ്‌ വി. സഭ എക്കാലവും ആഗ്രഹിക്കുന്നത്‌ .. അത്‌ വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ കൂടെ ആവണം എന്നും സഭക്ക്‌ നിര്‍ബന്ധം ഉണ്ട്‌ ... ഇലക്ഷന്‍ വരുമ്പോള്‍ സമയം പോലെ കൂട്ട്‌ കൂടുകയും, ആവശ്യം കഴിയുമ്പോള്‍ പുലബദ്ധം പോലും ഇല്ല എന്ന്‌ പറഞ്ഞു ഒഴിയുന്നതുമായ ശൈലി സഭയില്‍ നടപ്പാകുന്നതല്ല ..കാരണം ഇത്‌ വി. സഭയാണ്‌ എന്നത്‌ തന്നെ ... ബഹു.സുപ്രീം കോടതി വിധി പ്രകാരം ഒരു ഇടവകയില്‍ ഈ ട്രസ്റ്റിലെ ഒരു അംഗം എങ്കിലും അവശേഷിക്കുന്നു എങ്കില്‍ ആ ഇടവക 1934 ലെ ഭരണഘടനാ പ്രകാരം മാത്രമേ ഭരിക്കപ്പെടാവു എന്ന്‌ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു .. അത്‌ കൊണ്ട്‌ അവിടെ നിന്ന്‌ ആരെക്കിലും പുറത്ത്‌ പോകണം എന്ന്‌ സഭ പറയുന്നില്ല .. 34 ഭരണഘടനാ പ്രകാരം ഒന്നായ സഭയായി തുടരണം എന്നാണ്‌ സഭയുടെ നിലപട്‌ .. അത്‌ ആളുകളുടെ എണ്ണം നോക്കി മാറ്റാവുന്നത്‌ അല്ല എന്ന്‌ അങ്ങേക്ക്‌ ഇനി എങ്കിലും ബോധ്യം ആകേണ്ടത്‌ ആണ്‌ .... ആളുകളുടെ എണ്ണം നോക്കി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ നോക്കുന്നു എങ്കില്‍ അങ്ങയുടെ പാര്‍ട്ടിയുടെ പൊടി പോലും ഇന്ത്യയില്‍ കാണുകയില്ലായിരുന്നു എന്ന്‌ ഓര്‍ക്കണം ... എല്ലാവര്‌ക്കും നിയമം ബാധകമാണ്‌ ... ആരും അതിനു അതീതരല്ല ...ആളുകളുടെ എണ്ണം അല്ല ഇന്ത്യയുടെ നിയമത്തിന്റെ ബഹുമതി ആണ്‌ ഇവിടെ നോക്കുന്നത്‌ .. അതിന്റെ ഇല്ലായിമ ചെയ്യുന്ന ചിന്തകള്‍ക്ക്‌ ബഹു. മുഖ്യ മന്ത്രി അങ്‌ ഒത്തശ ചെയ്യരുത്‌

അങ്ങയുടെ മാടമ്പി സംസ്‌ക്കാരം ഒരു കമ്യുണിസ്‌റ്റ്‌ നേതാവിന്‌ ഭൂഷണം അല്ല .. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിനെ പറ്റി ശരിയായി പഠിക്കുവാന്‍ അങ്ങ്‌ ഇനി എങ്കിലും തയ്യാറാകണം ... അതിനു കഴിയുന്നില്ല എങ്കില്‍ ആ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറയുവാന്‍ ശ്രമിക്കരുത്‌ എന്ന്‌ സ്‌നേഹ ബുദ്ധ്യാ ഉപദേശിക്കുന്നു

സ്‌നേഹത്തോടെ
ഡോ മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപോലിത്ത
യുകെ, യൂറോപ്പ്‌ ആഫ്രിക്ക ഭദ്രാസനം
ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപോലിത്ത

Top