ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ ഫൊറന്‍സിക് തെളിവുകളില്‍ വൈരുദ്ധ്യം. ബിഷപ്പും ഇരയായ കന്യാസ്‌ത്രീയും തമ്മിലുള്ള ഫോണ്‍ രേഖകളെക്കുറിച്ച് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നല്‍കിയത് വ്യത്യസ്‌ത രേഖകളാണ്.
പാലാ സെഷന്‍സ് കോടതി ഡിവിഡി പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. ഇതെന്തുകൊണ്ടാണെന്ന് ചോദിച്ച പാലാ സെഷന്‍സ് കോടതി, ഇവിടെ നല്‍കിയ രേഖകള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും നല്‍കാന്‍ നിര്‍ദേശവും നല്‍കി.
ബിഷപ്പും ഇരയായ കന്യാസ്‌ത്രീയും തമ്മില്‍ സംസാരിച്ച ഫോണ്‍ രേഖകള്‍ കേസിലെ ഒരു പ്രധാന തെളിവാണ്. ഇരുവരും തമ്മില്‍ സംസാരിച്ച ഫോണ്‍ രേഖകളിലുള്ളത് ബിഷപ്പിന്റെതന്നെ ശബ്ദമാണോ എന്നതടക്കം ഫൊറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാകും. ഇത് പരിശോധിച്ച തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബ്, പരിശോധനാ രേഖകള്‍ സീല്‍ വച്ച കവറില്‍ പാലാ സെഷന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. മറ്റൊരു സീല്‍ വച്ച കവറില്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥനും കൈമാറി. എന്നാല്‍ ഇത് രണ്ടും രണ്ട് രേഖകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോടതിയില്‍ നല്‍കിയിരിക്കുന്ന ഡിവിഡിയില്‍ മൂന്ന് ഫോള്‍ഡറുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയിരിക്കുന്ന രേഖയില്‍ ആകെ രണ്ട് ഫോള്‍ഡറുകളേയുള്ളൂ. ഫൊറന്‍സിക് ലാബിന്‍റെ ഭാഗത്തു നിന്നുണ്ടായ ടെക്‌നിക്കല്‍ വീഴ്‌ചയാണോ അതോ മനഃപൂര്‍വം രേഖകള്‍ മാറ്റി നല്‍കിയതാണോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ രണ്ട് മാസമായി ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കാര്യമായ വാദങ്ങള്‍ നടന്നിരുന്നില്ല. ഫോണ്‍ രേഖകളടക്കമുള്ള തെളിവുകള്‍ നല്‍കണമെന്നും ഇതിന് ശേഷമേ വാദം നടത്താവൂ എന്നും പ്രതിഭാഗം വാദിച്ചതിനാല്‍ നാല് തവണയാണ് വാദം മാറ്റിവച്ചത്. ഏറ്റവുമൊടുവില്‍ ഫോണ്‍രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായത്. ഇതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിലുള്ള രേഖകളും കോടതിയുടെ കയ്യിലുള്ള രേഖകളും ഒത്തുനോക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.