• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നാലിടത്തും ബിജെപിക്ക്‌ വന്‍ ചോര്‍ച്ച: മഞ്ചേശ്വരത്ത്‌ മാത്രം നേരിയ വര്‍ധന

സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപിക്ക്‌ വന്‍ ചോര്‍ച്ച. ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത്‌ പോലും എത്താനായില്ല.

മഞ്ചേശ്വരത്ത്‌ രണ്ടാം സ്ഥാനത്ത്‌ തുടരാനായതും 348 വോട്ട്‌ വര്‍ധിച്ചതുമാണ്‌ ആകെ ആശ്വാസം. അതേ സമയം മറ്റെല്ലായിടങ്ങളിലും നേരത്തെ ലഭിച്ച വോട്ടുകള്‍ ഗണ്യമായി കുറയുകയും ചെയ്‌തു. ശബരിമല വിഷയം പ്രചാരണായുധമാക്കിയിട്ടും കോട്ടമാണ്‌ ബിജെപിക്കുണ്ടായതെന്നതാണ്‌ ശ്രദ്ധേയം

വട്ടിയൂര്‍ക്കാവിലും കോന്നിയിലുമായിരുന്നു ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ വെച്ച്‌ പുലര്‍ത്തിയിരുന്നത്‌. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു.

കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന്‌ കരുതിയിരുന്ന മണ്ഡലത്തില്‍ അവസാന ഘട്ടത്തിലാണ്‌ എസ്‌.സുരേഷിനെ രംഗത്തിറക്കിയത്‌. അതോടെ തന്നെ വിജയ പ്രതീക്ഷ ഏറക്കുറേ അസ്‌തമിച്ചിരുന്നു. 2016ലും 2019ലും കുമ്മനം രാജശേഖരനാണ്‌ ബിജെപിക്ക്‌ ഇവിടെ രണ്ടാം സ്ഥാനം നേടിക്കൊടുത്തത്‌. 27453 വോട്ടുകള്‍ മാത്രമെ എസ്‌.സുരേഷിന്‌ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ നേടാനായുള്ളൂ. 2019ല്‍ 50709 ഉം 2016ല്‍ 43700 ഉം വോട്ടുകള്‍ ബിജെപി ഇവിടെ നേടിയിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വവും എന്‍എസ്‌എസ്‌ യുഡിഎഫിന്‌ പരസ്യ പിന്തുണ പ്രഖ്യാപിച്ചതും ബിജെപിക്ക്‌ തിരിച്ചടിയായെന്നാണ്‌ വിലയിരുത്തല്‍. അതേ സമയം എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായ മേയര്‍ വി.കെ.പ്രശാന്തിന്റെ ജനസമ്മതിക്ക്‌ മുന്നില്‍ എല്ലാ ജാതി സമവാക്യങ്ങളും തകര്‍ന്നടിയുകയും ചെയ്‌തു.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കാതായതോടെ കെ.സുരേന്ദ്രന്‍ മത്സരിച്ച കോന്നിയായിരുന്നു ബിജെപിയുടെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നടത്തിയ മുന്നേറ്റമാണ്‌ സുരേന്ദ്രനെ തന്നെ കോന്നിയില്‍ നിര്‍ത്താന്‍ തീരുമാനിച്ചതിന്‌ പിന്നില്‍. 2019ല്‍ നേരിയ വോട്ടുകളുടെ വ്യത്യാസം മാത്രമേ മൂന്നാം സ്ഥാനത്തായിരുന്ന കെ.സുരേന്ദ്രനും എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായിരുന്ന വീണാ ജോര്‍ജ്ജും തമ്മിലുണ്ടായിരുന്നുള്ളൂ. കേവലം 440 വോട്ടുകളുടെ വ്യത്യാസം മാത്രം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തൊട്ടടുത്തേക്ക്‌ പോലും സുരേന്ദ്രന്‌ എത്താനായില്ല.

സഭാ തര്‍ക്കത്തില്‍ എല്‍ഡിഎഫുമായും യുഡിഎഫുമായും പിണങ്ങി നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ്‌ സഭയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദം കെ.സുരേന്ദ്രന്‍ നടത്തിയിരുന്നെങ്കിലും വോട്ട്‌ എണ്ണിയപ്പോള്‍ ഇതും പ്രതിഫലിച്ചില്ല. 39786 വോട്ടുകളാണ്‌ സുരേന്ദ്രന്‌ ഇവിടെ ലഭിച്ചത്‌. 2019ല്‍ 45506 വോട്ടുകള്‍ നേടിയിരുന്നു സുരേന്ദ്രന്‍ ഇവിടെ. അതേ സമയം 2016ല്‍ 16713 വോട്ടുകള്‍ മാത്രമാണ്‌ ബിജെപിക്ക്‌ ഇവിടെ ലഭിച്ചിരുന്നത്‌.

മഞ്ചേശ്വരത്ത്‌ രണ്ടാം സ്ഥാനത്ത്‌ തുടരനായതാണ്‌ ഈ ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഏക ആശ്വാസം. ഇവിടെ 2016ല്‍ കെ. സുരേന്ദ്രന്‍ 56781 വോട്ടുകള്‍ നേടി മുസ്ലിം ലീഗിലെ പി.ബി.അബ്ദുള്‍ റസാഖിനോട്‌ 89 വോട്ടുകള്‍ക്ക്‌ മാത്രമാണ്‌ പരാജയപ്പെട്ടത്‌. 2019ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാര്‍ 57104 വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ 380 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച്‌ അത്‌ 57484 വോട്ടുകളാക്കിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു.

എറണാകുളത്ത്‌ 2016ല്‍ 14878 ഉം 2019ല്‍ 17769 വോട്ടുകളും ഉണ്ടായിരുന്ന ബിജെപിക്ക്‌ ഇത്തവണ 13351 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ബിജെപിക്കായി സി.ജി.രാജഗോപാലാണ്‌ ഇവിടെ മത്സരിച്ചത്‌. ബിഡിജെഎസില്‍ നിന്ന്‌ ഏറ്റെടുത്ത്‌ മത്സരിച്ച അരൂരിലും ബിജെപിക്ക്‌ കനത്ത തിരിച്ചടി ലഭിച്ചു. ബിജെപിക്കായി മത്സരിച്ച യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ്‌ ബാബുവിന്‌ ഇവിടെ 16215 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. 2016ല്‍ ബിഡിജെഎസിന്റെ അനിയപ്പന്‍ ഇവിടെ 27753 വോട്ടുകള്‍ പിടിച്ചിരുന്നു. നേരത്തെ നടന്ന പാലാ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക്‌ വോട്ട്‌ കുറഞ്ഞിരുന്നു.

ദേശീയ തലത്തില്‍ ബിജെപി വിജയം ആവര്‍ക്കുമ്പോഴും കേരളത്തില്‍ പിന്നോട്ട്‌ പോകുന്നതില്‍ കേന്ദ്ര നേതൃത്വം നേരത്തെ തന്നെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

Top