ജഗത് പ്രകാശ് നഡ്ഡയെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി. നഡ്ഡ മാത്രമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. സ്ഥാനമൊഴിയുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ നഡ്ഡയെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്‌തുകൊണ്ടുള്ള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരി രാധാമോഹന്‍ സിങിനു കൈമാറിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ അധ്യക്ഷനെ അഭിനന്ദിച്ചു. പാര്‍ട്ടി ഭരണഘടന പ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായാലേ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ. ഇതുവരെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ ഭരണ പ്രദേശങ്ങളിലെയും അധ്യക്ഷന്മാരെ തീരുമാനിച്ചു കഴിഞ്ഞു.