ഷില്ലോങ്:ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി ഇവിടെ എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാണ്ടാക്കും. എന്‍.പി.പി. യുഡിപി, ബിജെപി എച്ച്.എസ്.ഡി.പി എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷം ബോധ്യപ്പെടുത്തി.
17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ടു സീറ്റുള്ള ബിജെപിയെ കൂടാതെ ആറു സീറ്റുകളുള്ള യുഡിപിയും എച്ച്.എസ്.ഡി.പിയും ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മറ്റു; പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഒരിക്കൽക്കൂടി ഭരണം നഷ്ടമായതിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. മുൻപ് ഗോവയിൽ ഭരണം നഷ്ടപ്പെടുത്തിയതുപോലെ ഇവിടെ സംഭവിക്കാൻ പാടില്ലെന്ന ധാരണയിൽ, ഫലസൂചനകളിൽ മുന്നിലെത്തിയപ്പോൾ തന്നെ മുതിർന്ന നേതാക്കളായ കമൽനാഥിനെയും അഹമ്മദ് പട്ടേലിനെയും പാർട്ടി നേതൃത്വം ഷില്ലോങ്ങിലേക്ക് അയച്ചിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടു ‘സമാന ചിന്താഗതിക്കാരായ’ പാർട്ടികളുമായി ചർച്ച നടത്താനായിരുന്നു ഇത്. എന്നാൽ, കോൺഗ്രസിന്റെ എല്ലാ നീക്കങ്ങളെയും രാഷ്ട്രീയമായി പരാജയപ്പെടുത്തിയ ബിജെപി ഇവിടെ ഭരണം പിടിക്കുകയായിരുന്നു.
നേരത്തെ, സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ശനിയാഴ്ച രാത്രി വൈകി ഗവർണർ ഗംഗ പ്രസാദിനെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് കോൺഗ്രസ് ഗവർണറെ ധരിപ്പിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കുന്ന പതിവുള്ളതിനാൽ കോൺഗ്രസിന് ആദ്യം അവസരം ലഭിക്കുമെന്ന പ്രതീക്ഷ മുതിർന്ന നേതാവ് കമൽ നാഥ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.