കടലില്‍ ആടിയുലഞ്ഞിട്ടും മുങ്ങാതെനിന്ന ഉള്‍ക്കരുത്ത്. സ്വപ്‌നങ്ങള്‍ വിറ്റും മോഹങ്ങള്‍ നല്‍കിയും അഞ്ചു വര്‍ഷം സംഭവബഹുലമാക്കിയ പ്രധാനമന്ത്രി. ബിജെപിക്ക് അനുകൂലമായി ഗംഭീര തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍, തലയെടുപ്പുള്ള നേതാവായി നരേന്ദ്ര മോദി നിവര്‍ന്നുനില്‍ക്കുന്നു. അണികളാല്‍ ഇത്രയേറെ ആദരിക്കപ്പെടുകയും അതിലേറെ എതിരാളികളാല്‍ ആക്രമിക്കപ്പെടുകയും ചെയ്‌തൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലെന്നുതന്നെ പറയാം 2014 ല്‍ തരംഗമായിരുന്ന വ്യക്തി, 2019 ല്‍ എതിര്‍തരംഗത്തില്‍ വീഴാതെ പിടിച്ചുനിന്നിരിക്കുന്നു. വിയോജിപ്പുകളും വിമര്‍ശനങ്ങളും ഏറെയുണ്ടെങ്കിലും മോദിയുടെ ഈ സാമര്‍ത്ഥ്യം സമ്മതിച്ചേ പറ്റൂ.
ഇങ്ങനെയൊരു പ്രധാനമന്ത്രിയോ എന്നു പറയിപ്പിക്കുന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍. വീറും വൃത്തിയുമാണു മുഖമുദ്ര. വെട്ടിയൊതുക്കിയ വെളുത്ത മുടിയിലും താടിയിലും തേച്ചുമിനുക്കിയ ഉടുപ്പിലും നടപ്പിലും കാണാം കണിശത. പക്ഷേ, അവ്യക്തവും ദുരൂഹവുമായിരുന്നു മോദിയുടെ വ്യക്തിവിവരങ്ങള്‍. ചായവില്‍പനക്കാരനില്‍നിന്നു പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര. അതത്ര എളുപ്പമായിരുന്നില്ല ഈ ഗുജറാത്തുകാരന്. ചര്‍ച്ചകളുടെ, വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു മോദി.
വാക്കുകളില്‍ തീ കോരിയിടും. പറച്ചിലുകളെല്ലാം ഉറക്കെ. എതിരാളിയോട് ഒട്ടും മയമില്ല. ബിജെപിക്കുള്ളിലും പുറത്തും ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്നയാള്‍. ഇന്ദിര ഗാന്ധിക്കൊപ്പമോ കൂടുതലോ കരുത്തും നെഹ്‌റുവിനൊപ്പമോ അതിനേക്കാളുമോ നയതന്ത്രജ്ഞതയുമുള്ള പ്രധാനമന്ത്രിയെന്ന വിശേഷണമാണ് ആഗ്രഹിച്ചത്. പക്ഷേ, മോദി ആരെപ്പോലെയുമായില്ല. മോദിയായി തുടര്‍ന്നു.
ബാലാക്കോട്ട് വ്യോമാക്രമണത്തില്‍, മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ പാക്ക് റഡാറുകള്‍ക്കു കണ്ടുപിടിക്കാനാവില്ലെന്ന ആശയം തന്റേതാണെന്ന് അഭിമുഖത്തില്‍ പറഞ്ഞതു ട്രോള്‍ മഴയായി. 1987 -88 കാലത്ത് ഡിജിറ്റല്‍ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിരുന്നെന്നു പറഞ്ഞതും പരിഹസിക്കപ്പെട്ടു. വീഴ്‌ചകള്‍ മറയ്‌ക്കാനുള്ള തന്ത്രമായിരുന്നോ അബദ്ധങ്ങള്‍? ബിജെപിയെ രാജ്യത്തിന്റെ ഭരണത്തിലേക്കു തിരിച്ചെത്തിക്കുക എന്ന ദൗത്യമാണു മോദി 2014 ല്‍ സ്വന്തംനിലയില്‍ ഏറ്റെടുത്തത്. കേവല ഭൂരിപക്ഷവും കടന്നു ബിജെപിയുടെ സീറ്റുനേട്ടം. അതിനുശേഷമാണു മോദി ആദ്യമായി പാര്‍ലമെന്റിന്റെ പടി ചവിട്ടിയത്. താന്‍ തന്നെയാണു പാര്‍ട്ടിയെന്നു മോദിയുടെ ശരീരഭാഷ വിളിച്ചോതി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒപ്പംനിന്നു.
ഏഴ് ഘട്ടങ്ങളിലായി 68 ദിവസത്തോളം നീണ്ടതായിരുന്നു 17 ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ബിജെപിക്കും മോദിക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യത്തിലേറെ സമയം. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഒരു ദിവസവും തമിഴ്‌നാട്ടില്‍ രണ്ടു ദിവസവും ആയിരുന്നു വോട്ടെടുപ്പ്. ഉത്തരേന്ത്യയിലെ ആവേശപ്രചാരണം നയിച്ചതിനൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ എത്താനും മോദിക്കായി. അമിത് ഷായുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി സംവിധാനം കൂടെനിന്നത് ഊര്‍ജമായി.
വര്‍ധിച്ച ഭീകരാക്രമണങ്ങള്‍, അശാന്തമായ കശ്‌മീര്‍, തൊഴിലില്ലായ്‌മ, കാര്‍ഷിക പ്രതിസന്ധി, ചെറുകിട വ്യവസായമേഖലയുടെ തകര്‍ച്ച, റഫാല്‍ ഇടപാട്, നോട്ടുനിരോധനവും ജിഎസ്‌ടിയും സാമ്പത്തികരംഗത്തുണ്ടാക്കിയ തളര്‍ച്ച, പെട്രോള്‍ ഡീസല്‍ വിലവര്‍ധന, ഭരണത്തിലെ ഏകാധിപത്യ പ്രവണത, അരക്ഷിതരായ ന്യൂനപക്ഷം, സമരപാതയിലായ ദലിതര്‍ തുടങ്ങിയവയായിരുന്നു മോദിക്കുള്ള വെല്ലുവിളികള്‍. എന്നാല്‍, വെല്ലുവിളികളും വിമര്‍ശനങ്ങളുമായിരുന്നു മോദിയുടെ ഇന്ധനം.