വിദേശത്തും മറ്റും കള്ളപ്പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പു നടത്തുന്നവര്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. നികുതി അടയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരായ പുതിയ നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടു.
വിദേശ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിശ്ചിത തുക കോംപൗണ്ടിങ് ഫീസായി നല്‍കി രക്ഷപ്പെടാനുള്ള പഴുതാണ് അടച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പുറത്തിറക്കിയ, 30 പേജുകളിലുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
വെളിപ്പെടുത്താത്ത വിദേശ ബാങ്ക് ഇടപാടുകളോ നിക്ഷേപങ്ങളോ കണ്ടെത്തിയാല്‍ ക്രമപ്പെടുത്തല്‍ തുക (കോംപൗണ്ടിങ് ഫീസ്) അടച്ച് രക്ഷപെടുന്ന രീതിക്കാണ് മാറ്റം വരുന്നത്. 2015ലെ കള്ളപ്പണ വിരുദ്ധ നിയമം (ആന്റിബ്ലാക്ക് മണി ആക്ട്) ക്രമപ്പെടുത്തല്‍ തുക അടയ്‌ക്കുന്നത് നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുന്ന തുകയുടെ 30 ശതമാനം നികുതിയും പിഴയും കൂടി അടച്ച് ബാക്കി നിയമനടപടികളില്‍ നിന്ന് ഒഴിവാകുന്ന രീതി തുടര്‍ന്നിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇതു സാധ്യമല്ലെന്നാണ് സിബിഡിടിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്.