• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കുരുമുളക് ഉല്‍പാദനത്തില്‍ വന്‍ ഇടിവ്

സംസ്ഥാനത്താകെ കുരുമുളക് ഉല്‍പാദനത്തില്‍ കുറവുണ്ടാകുന്നതായാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടുക്കിയാണ് സംസ്ഥാനത്ത്‌ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് തൊട്ടുപുറകില്‍. 2001-02 വര്‍ഷം സംസ്ഥാനത്ത് 20395 ഹെക്ടറിലായിരുന്നു കുരുമുളക് കൃഷി. 58240 ടണ്‍ ഉല്‍പാദനവും. 2015-16ല്‍ ഇത് 8548 ഹെക്ടറായി, 58 ശതമാനം കുറവ്. 

ഉല്‍പാദനം 42132 ടണ്‍ ആയി. 28 ശതമാനത്തിന്റെ കുറവ്. ഇടുക്കിയില്‍ 2015-16 ല്‍ 25495 ടണ്‍ ആയിരുന്നു ഉല്‍പാദനം. വയനാട്- 6593, കണ്ണൂര്‍- 1553, കാസര്‍കോട്- 1189. ഇത്തവണ ഉല്‍പാദനം വളരെ കുറഞ്ഞതായാണ് കര്‍ഷകരും മലഞ്ചരക്ക് വ്യാപാരികളും പറയുന്നത്. വിലയും കുറഞ്ഞു. കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 600 രൂപയിലേറെ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 350 ആയി. അനിയന്ത്രിതമായ ഇറക്കുമതിയാണ് കാരണം. 

മഴ വളരെ കുറഞ്ഞതാണ് ഉല്‍പാദനക്കുറവിന് പ്രധാന കാരണമെന്ന് കര്‍ഷകരും കാര്‍ഷിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം, ദ്രുതവാട്ടം, കുരുമുളക് ചെടിയുടെ പ്രായാധിക്യം എന്നിവ കാരണമായതായി പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ കൃഷിവിജ്ഞാന്‍ കേന്ദ്രം തലവന്‍ ഡോ. പി ജയരാജ് പറഞ്ഞു. 
 

2016ല്‍ 1870.3 മില്ലിമീറ്റര്‍ ആയിരുന്നു സംസ്ഥാനത്തെ ശരാശരി മഴ. 2015ല്‍ ഇത് 2518.8 എംഎം ആയിരുന്നു. വയനാട്ടിലാണ് ഏറ്റവും കുറവ്. 50.1 ശതമാനം കുറഞ്ഞു. കാസര്‍കോട് 17.9 ശതമാനവും. 2017ല്‍ വയനാട്ടില്‍ 1959.9 മില്ലിമീറ്ററും കാസര്‍കോട്ട് 2751.1 മില്ലിമീറ്ററും മഴയാണ് പെയ്തത്. സംസ്ഥാന ശരാശരി 2222.4 മില്ലിമീറ്ററും. കാലാവസ്ഥയിലെ വ്യതിയാനം വിളയെ ബാധിച്ചതായാണ് കാര്‍ഷികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 

 

Top