കൊച്ചി: ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. ആര്‍ത്ത് വിളിച്ച കൊച്ചിയിലെ കാണികള്‍ക്ക് മുന്നില്‍ ലീഡ് ഉയര്‍ത്താതെ ഒരു ഗോളിന്റെ ലീഡില്‍ കടിച്ച് തൂങ്ങിയത് ഒരിക്കല്‍ കൂടി വിനയായി. കഴിഞ്ഞ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് സമനില വഴങ്ങിയതെങ്കില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 85ാം മിനിറ്റിലാണ് കേരളം സമനില വഴങ്ങിയത്. 48ാം മിനിറ്റില്‍ സികെ വിനീതിന്റെ ഗോളില്‍ മുന്നിലെത്തിയെങ്കിലും കേരളത്തിന് പിന്നീട് വല കുലുക്കാന്‍ കഴിഞ്ഞില്ല.അവസരങ്ങള്‍ പാഴാക്കിയെങ്കിലും മികച്ച മുന്നേറ്റമാണ് കേരളം നടത്തിയത്. ഒടുവില്‍ 85ാം മിനിറ്റില്‍ ആന്‍ഡ്രിയ കലുഡെറോവിച്ചിലൂടെ ഡല്‍ഹി ഗോള്‍ മടക്കി
പതിവ് പോലെ ജയിക്കേണ്ട കളിയില്‍ സമനില വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം അവശേഷിക്കെയാണ് ഡല്‍ഹി സി കെ വിനീതിന്റെ ഗോളില്‍ മുന്നില്‍നിന്ന കേരളത്തെ സമനിലയില്‍ കുടുക്കിയത്.കളിയുടെ ആദ്യ പത്ത് മിനിറ്റ് വരെ നിയന്ത്രണം ഡല്‍ഹിക്കായിരുന്നു. എന്നാല്‍ പതിയെ കേരള ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് തിരിച്ച് വന്നു. നിരന്തരം അവര്‍ എതിര്‍ പോസ്റ്റില്‍ അപകടം വിതച്ചുകൊണ്ടിരുന്നു.22ാം മിനിറ്റില്‍ ഡല്‍ഹി ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോയ്ക്ക് കളിയിലെ ആദ്യ സേവ് നടത്തേണ്ടിവരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നല്‍കിയ പാസ് ബോക്സിന് തൊട്ടരികില്‍ വച്ച് വെട്ടിയൊഴിഞ്ഞ് സ്റ്റായാനോവിച്ച് വലയിലേക്ക് തൊടുത്തെങ്കിലും ഗോളി ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുന്നു.
34ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിക്കാനുള്ള നല്ലൊരു അവസരം മലയാളി താരം സികെ വിനീത് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി. 41ാം മിനിറ്റില്‍ ഡല്‍ഹിയുടെ മുന്നേറ്റം. റോമിയോ ബോക്സിനുള്ളിലേക്കു നല്‍കിയ പാസില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സ്യുവെര്‍ലൂനിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.രണ്ടാം പകുതിയില്‍ നര്‍സറെയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് മത്തേയ് പോപ്ലാറ്റ്നിക്കിനെ ഇറക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച ആദ്യ മംൂന്ന് മിനിറ്റിനുള്ളില്‍ കേരളം മുന്നിലെത്തി. മലയാളി താരം സികെ വിനീത് ആണ് കോര്‍ണര്‍ ഗോള്‍ ആക്കിയത്. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കേരളത്തിന് അത് ഫിനിഷ് ചെയ്യുന്നതില്‍ പതിവ് പാളിച്ച തുടര്‍ന്നു.
84ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്‌ത്തി ആന്‍ഡ്രിയ കലുഡെറോവിച്ചിലൂടെ ഡല്‍ഹി ഗോള്‍ മടക്കി (1-1) നേരത്തെ 73ാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഡല്‍ഹിക്ക് അത് മുതലാക്കാന്‍ കഴിഞ്ഞില്ല.