ന്യൂഡല്‍ഹി: ജനവരി ഏഴിന് കാണാതായ ആശിഷ് സെയ്‌നി എന്ന ഏഴു വയസ്സുകാരന്റെ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഐ.എ.എസ് പരീക്ഷക്ക് ഒരുങ്ങുകയായിരുന്ന അവദേശ് സാക്യയാണ് കൊലയാളിയെന്നറിഞ്ഞപ്പോള്‍ പോലീസും അമ്പരന്നു. കാണാതായ ബാലനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പോലീസിനൊപ്പം മുന്നില്‍ നിന്നയാളായിരുന്നു അയല്‍വാസിയായ അവദേശ്.
ആശിഷിനെ കാണാതായപ്പോൾ തനിക്ക് സിബിഐയിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടെന്നും അന്വേഷണം അങ്ങോട്ടുമാറ്റാമെന്നും സാക്യ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ സെല്ലിന്റെയും സഹായം തേടാമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നു. ‘നാലാഴ്ചയോളം എന്റെ വീട്ടിൽതന്നെയായിരുന്നു സാക്യ കഴിഞ്ഞിരുന്നത്. ആഹാരം കഴിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ കാണാൻ പോയതും സാക്യയ്ക്കൊപ്പം തന്നെയായിരുന്നു’– ആശിഷിന്റെ പിതാവ് പറഞ്ഞു.
ഇതേസമയം, സമീപവീടുകളിൽ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സ്യൂട്ട്കേസുകളിലും വാട്ടർ ടാങ്കുകളിലും റാക്കുകളിലും കാർഡ്ബോർഡ് പെട്ടികളിലും വരെ അവർ തിരച്ചിൽ നടത്തി. എന്നാൽ പൊലീസിനെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കാൻ സാക്യ ശ്രമിച്ചു. പൊലീസ് പോകുന്നതുവരെ വീട്ടിൽനിന്നു മാറാതെ നിൽക്കുകയായിരുന്നു പതിവ്. ഒരിക്കൽ കരൺ സൈനി ഇയാളുടെ വീട്ടിൽ ചെന്നിരുന്നു. ദുർഗന്ധമുയരുന്നതിന്റെ കാര്യം ചോദിച്ചപ്പോൾ എലി ചത്തതിന്റെയാണെന്നാണു പറഞ്ഞത്. എയർ ഫ്രഷ്നർ അടിച്ച് ദുർഗന്ധം മാറ്റുകയും ചെയ്തു.
മുറിയില്‍ ചത്തുകിടക്കുന്ന എലികളെ കാണിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. സംശയം തോന്നിയ പോലീസിന് ഉപയോഗിക്കാത്ത പത്ത് പെര്‍ഫ്യൂം ബോട്ടിലുകളും മുറിയില്‍ നിന്ന് കണ്ടെത്താനായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമതം നടത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ വലിയൊരു ചുവന്ന പെട്ടിയില്‍ മൃതദേഹം സുക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ദിവസം പഴക്കമുള്ള മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അഴുകിയിരുന്നു.