ഇത്യോപ്യയിലെ അഡിസ് അബാബയ്‌ക്കു സമീപം ഞായറാഴ്‌ച യാത്രാവിമാനം തകര്‍ന്ന് 157 പേര്‍ മരിച്ച സാഹചര്യത്തില്‍ അപകടത്തിനിടയാക്കിയ ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള എല്ലാ വിമാനങ്ങളും നിലത്തിറക്കാന്‍ ഇന്ത്യ. വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)ആണ് ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇന്ത്യന്‍ വ്യോമമേഖലയില്‍ ഈ ശ്രേണിയിലുള്ള വിമാനം പറക്കുന്നതിനും നിരോധനമുണ്ട്. ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് തുടങ്ങിയ വിമാനക്കമ്പനികള്‍ നിരവധി ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നുണ്ട്.
യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. ഇത്യോപ്യയിലെ അപകടത്തില്‍ ആറ് ഇന്ത്യന്‍ വംശജരും മരിച്ചിരുന്നു. സ്‌പൈസ് ജെറ്റിന് ഈ ശ്രേണിയിലുള്ള 13 ജെറ്റ് വിമാനങ്ങളും ജെറ്റ് എയര്‍വെയ്‌സിന് അഞ്ച് വിമാനങ്ങളുമുണ്ട്.
ഈ രണ്ടു കമ്പനികളും ഈ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണു പ്രാമുഖ്യമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. നവീകരണ പ്രവൃത്തികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുന്നതു വരെ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള വിമാനങ്ങളിലെ പൈലറ്റ് മാര്‍ക്ക് 1000 മണിക്കൂറും സഹപൈലറ്റിന് 500 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ടായിരിക്കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചിരുന്നു.
അപകടത്തിനു ശേഷം നിരവധി രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിരുന്നു. എന്നാല്‍ വിമാനം താഴെയിറക്കാന്‍ മാത്രം സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ജപ്പാനും വിമാന സര്‍വീസ് റദ്ദാക്കാന്‍ തയാറായില്ല. ഓസ്‌ട്രേലിയയും സിംഗപ്പൂരും ഇത്തരം വിമാനങ്ങള്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതു വിലക്കിയിട്ടുണ്ട്. അതേസമയം, വിമാനം പിന്‍വലിക്കേണ്ട തരം ഗുരുതരമായ തകരാറുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ബോയിങ് നിര്‍മാണക്കമ്പനി അധികൃതര്‍ പറഞ്ഞു.